BUSINESS
വീണ്ടും 100 ഡോളർ കടന്ന് ക്രൂഡ്; എങ്ങനെയാണ് എണ്ണവില നിശ്ചയിക്കുന്നത്? സാധാരണക്കാരെ ബാധിക്കുന്നത് ഇപ്രകാരം

ആഗോള ക്രൂഡ് ഓയിൽ വില ഇന്ന് വീണ്ടും 100 ഡോളർ എന്ന നിർണായക നിലവാരം മറികടന്നിരിക്കുകയാണ്. ആരാണ് അല്ലെങ്കിൽ എങ്ങനെയാണ് യഥാർത്ഥത്തിൽ ക്രൂഡ് ഓയിൽ വില നിശ്ചയിക്കുന്നത് എന്ന വിവരമാണ് ഇവിടെ നൽകുന്നത്. പശ്ചിമേഷ്യയിൽ വീണ്ടും സംഘർഷം കലുഷിതമാക്കുന്നതാണ് നിലവിൽ ആഗോള എണ്ണ വിലയെ തീ പിടിപ്പിക്കുന്നത്.ആഭ്യന്തര ആവശ്യത്തിനുള്ള എണ്ണയുടെ 85 ശതമാനത്തിലധികം ഇറക്കുമതി ചെയ്യുന്ന രാജ്യമാണ് ഇന്ത്യ. ക്രൂഡ് ഓയിൽ വില ഉയർന്നു നിന്നാൽ അത് ഇന്ത്യയിലെയും ഇന്ധന വില വർധനവിന് കാരണമാകും. ഇതോടെ സാധാരണക്കാരുടെയടക്കം ജീവിതച്ചെലവ് ഉയരുകയും, രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയെപ്പോലും അത് ബാധിക്കുകയും ചെയ്യും.സൗദിയിലെ ഊർജ്ജ മേഖലയിലെ അടിസ്ഥാനസൗകര്യങ്ങൾക്ക് നേരെ ഉണ്ടായ പുതിയ ആക്രമണങ്ങളും, അമേരിക്കയും ഇറാനും തമ്മിൽ വീണ്ടും സംഘർഷം രൂക്ഷമാകുന്നതും ആഗോള എണ്ണ വിതരണത്തിൽ കൂടുതൽ തടസ്സങ്ങൾ ഉണ്ടാക്കുമെന്ന ആശങ്കയാണ് ഉയർത്തുന്നത്. ഇതോടെ ബ്രെന്റ് ക്രൂഡ് ബാരലിന് 100 ഡോളറുകളിലേക്ക് കുതിച്ചുയർന്നു.എണ്ണ വ്യാപാരം നടക്കുന്നത് ഒരു ആഗോള വിപണിയിലാണ്. അവിടെ വില നിലവാരത്തെ പല ഘടകങ്ങളും നേരിട്ട് സ്വാധീനിക്കുകായണ് ചെയ്യുന്നത്. ഉദാഹരണത്തിന് സപ്ലൈയും, ഡിമാൻഡും തമ്മിലുള്ള സന്തുലിതാവസ്ഥ, ഭാവിയിലെ ഉല്പാദനത്തെയും, ഉപഭോഗത്തെയും കുറിച്ചുള്ള പ്രതീക്ഷകൾ, ക്രൂഡ് റിസർവുകൾ, ഭൗമ-രാഷ്ട്രീയ സംഘർഷങ്ങൾ, സാമ്പത്തിക വ്യാപാരം എന്നിവയെല്ലാം ക്രൂഡ് നിരക്കുകളെ നിരന്തരം സ്വാധീനിക്കുന്നുണ്ട്.യഥാർത്ഥത്തിൽ എണ്ണവില നിശ്ചയിക്കുന്നത് എങ്ങനെ?എല്ലാ ദിവസവും രാവിലെ ക്രൂഡ് ഓയിൽ വില പ്രഖ്യാപിക്കുന്ന ഒരു ആഗോള സ്ഥാപനവുമില്ല എന്നതാണ് യാഥാർത്ഥ്യം. ക്രൂഡ് ഓയിൽ വാങ്ങുന്നതും, വില്പന നടത്തുന്നതും അന്താരാഷ്ട്ര വിപണികളിലാണ്. എത്രത്തോളം എണ്ണ ലഭ്യമാകുമെന്ന പ്രതീക്ഷകളും, ആഗോള തലത്തിൽ എത്രമാത്രം ക്രൂഡ് ആവശ്യമായി വരുമെന്നും ട്രേഡർമാരും, വിൽപ്പനക്കാരും കണക്കു കൂട്ടലുകൾ നടത്തുന്നു. ഇതനുസരിച്ച് വിലയിൽ മാറ്റങ്ങൾ സംഭവിക്കുന്നു. ബ്രെന്റ് ക്രൂഡ് (Brent crude), വെസ്റ്റ് ടെക്സസ് ഇന്റർമീഡിയറ്റ് (WTI) എന്നീ രണ്ട് മാനദണ്ഡങ്ങൾ വില നിലവാരത്തിൽ പ്രധാനമാണ്.ആഗോള തലത്തിൽ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന പ്രധാന മാനദണ്ഡമാണ് ബ്രെന്റ്. ലോകത്തെ വലിയൊരു ശതമാനം ക്രൂഡ് ഓയിലിന്റെയും വില നിശ്ചയിക്കുന്നത് ഇത് അടിസ്ഥാനമാക്കിയാണ്. യു എസിലെ പ്രധാന മാനദണ്ഡമാണ് ഡബ്ല്യു.ടി.ഐ. ഗുണനിലവാരം, ഗതാഗതച്ചെലവുകൾ, പ്രാദേശിക വിപണി സാഹചര്യങ്ങൾ എന്നിവയിലെ ക്രമീകരണങ്ങളോടെ, മറ്റ് തരത്തിലുള്ള ക്രൂഡ് ഓയിലുകളുടെ വില സാധാരണയായി ഈ മാനദണ്ഡങ്ങളുമായി ബന്ധപ്പെടുത്തിയാണ് നിശ്ചയിക്കുന്നത്. ഒപെക് – പ്രാധാന്യം ഇങ്ങനെ…’ഓർഗനൈസേഷൻ ഓഫ് ദി പെട്രോളിയം എക്സ്പോർട്ടിംഗ് കൺട്രീസ്’ അഥവാ ഒപെക് (OPEC) എന്നത് ലോകത്തെ പ്രമുഖ ക്രൂഡ് ഉല്പാദക രാജ്യങ്ങളുടെ കൂട്ടായ്മയാണ്.എണ്ണയ്ക്ക് വില 100 ഡോളർ ആയിരിക്കുമെന്ന് ഒപെക് സ്വയം തീരുമാനിക്കുന്നില്ല. അതേ സമയം, ആഗോള വിപണിയിൽ എത്രത്തോളം ക്രൂഡ് എത്തുന്നു എന്നതിനെ സ്വാധീനിക്കാൻ ഒപെക്കിന് കഴിയും.ഒപെക്, അംഗങ്ങളായ രാജ്യങ്ങൾക്കായി ഉല്പാദന ലക്ഷ്യങ്ങൾ നിശ്ചയിക്കുന്നു. പ്രധാന ഉല്പാദക രാജ്യങ്ങൾ പ്രൊഡക്ഷൻ കുറയ്ക്കുകയാണെങ്കിൽ, ആഗോളതലത്തിൽ ലഭ്യമാകുന്ന എണ്ണയുടെ അളവ് കുറയുകയും, ഇത് വില ഉയരാൻ കാരണമാകുകയും ചെയ്യും. പ്രൊഡക്ഷൻ ഉയരുകയാണെങ്കിൽ, വിപണിയിലെത്തുന്ന അധിക ക്രൂഡ് അഥവാ സപ്ലൈ, വില കുറയുന്നതിലേക്ക് നയിക്കാം.ആഗോള ക്രൂഡ് ഉല്പാദനത്തിന്റെയും, അന്താരാഷ്ട്ര തലത്തിലെ എണ്ണ കയറ്റുമതിയുടെയും വലിയൊരു പങ്ക് അംഗരാജ്യങ്ങൾക്ക് സ്വന്തമായുള്ളതിനാൽ ഒപെക്കിന്റെ സ്വാധീനം വളരെ വലുതാണ്. എന്നാൽ ഈ ഓർഗനൈസേഷന് പോലും പോലും ക്രൂഡിന്റെ അന്തിമ വില പൂർണ്ണമായും നിശ്ചയിക്കാൻ കഴിയില്ല.
Read News


