NEWS

‘കണവയാണ് താരം’; ഇങ്ങോട്ട് പോന്നോളൂ, കൈനിറയെ പിടയ്ക്കുന്ന മീൻ കിട്ടും

കണവ,​ അയല മീൻ

തിരുവനന്തപുരം: വിഴിഞ്ഞത്തെ മീൻപിടിത്ത സീസൺ അവസാന ഘട്ടത്തിലേക്ക് കടക്കുകയാണ്. സീസൺ അവസാനിക്കുന്നതോടെ ജില്ലയുടെ വിവിധ തീരപ്രദേശങ്ങളിൽ നിന്നും തമിഴ്നാട് അതിർത്തികളിൽ നിന്നുമെത്തിയ മത്സ്യത്തൊഴിലാളികളും മത്സ്യബന്ധന യാനങ്ങളും സ്വന്തം നാടുകളിലേക്ക് മടങ്ങും. ഇത്തവണത്തെ സീസൺ പ്രതീക്ഷിച്ചതിനേക്കാൾ മെച്ചമായിരുന്നുവെന്നാണ് മത്സ്യത്തൊഴിലാളികൾ പറയുന്നത്.

സീസണിന്റെ തുടക്കത്തിൽ പ്രതികൂല കാലാവസ്ഥയെത്തുടർന്ന് മീൻ ലഭ്യത മന്ദഗതിയിൽ ആയിരുന്നെങ്കിലും പിന്നീട് മീനിന്റെ വരവ് കൂടി. വാള ഒഴികെ സീസണിൽ ലഭിക്കാറുള്ള എല്ലാ മത്സ്യങ്ങളും ആവശ്യാനുസരണം ലഭിച്ചുവെന്ന് മത്സ്യത്തൊഴിലാളികൾ പറഞ്ഞു. കണവയ്ക്കായിരുന്നു ഇത്തവണ ആവശ്യക്കാരേറെയും. സീസൺ അവസാനഘട്ടത്തിലും തീരത്ത് താരമായി തുടരുന്നത് കണവ തന്നെയാണെന്ന് തൊഴിലാളികൾ പറയുന്നു.

കണവയുടെ വലുതും ചെറുതുമായ വിവിധ ഇനങ്ങൾ വലിയ തോതിൽ ലഭിച്ചതോടെ കയറ്റുമതി വിപണിയിലും വലിയ നേട്ടമുണ്ടാക്കാൻ ഈ സീസണിൽ സാധിച്ചു. ഈ സീസണിൽ വിഴിഞ്ഞത്തുനിന്ന് വിദേശ വിപണിയിലെത്തിയത് ഏകദേശം ഒരു ലക്ഷം ടൺ കണവയാണെന്നാണ് മത്സ്യബന്ധന മേഖലയിലുള്ളവർ പറയുന്നത്.

വിലകൂടുതൽ നൽകേണ്ടി വന്നാലും പച്ച മത്സ്യം വാങ്ങാനെത്തുന്നവരുടെ നീണ്ട തിരക്കാണ് വിഴിഞ്ഞം കടപ്പുറത്ത് രാവിലെ മുതൽ രാത്രി വരെയും. സ്ത്രീകളും പുരുഷന്മാരും ഉൾപ്പെടെ നിരവധി പേരാണ് ലേലത്തിൽ പങ്കെടുക്കുന്നത്. ലേലം വിളിച്ചെയുക്കുന്ന മീനുകൾ പങ്കിട്ടെടുക്കുന്ന രീതിയാണ് വിഴിഞ്ഞത്തുള്ളത്. ദൂര സ്ഥലങ്ങളിൽ നിന്നെത്തുന്നവർക്ക് മീൻ കേടാകാതെ സൂക്ഷിക്കുന്നതിനായി ഐസ് നിറച്ച പെട്ടികളും തീരത്തോട് ചേർന്നുള്ള കടകളിൽ ലഭ്യമാണ്.

English Summary

Vizhinjam’s successful fishing season is ending, with fishermen preparing to return. Despite a slow start due to weather, the season exceeded expectations, primarily driven by strong squid demand and availability. Around one lakh tons of squid were exported from Vizhinjam, leading to significant market gains. Local shores saw active auctions and high demand for fresh fish.
RELATED TOPICS: VIZHINJAM FISHING SEASON, VIZHINJAM SQUID, FRESH FISH VIZHINJAM, SQUID FISH KERALA, VIZHINJAM FISH MARKET

Read News ⏭️

Back to top button