NEWS

വൺവേ തെറ്റിച്ചെത്തിയ ലോറി കാറിലിടിച്ചു; അവധിക്ക് നാട്ടിലെത്തിയ പ്രവാസിയും സുഹൃത്തും മരിച്ചു


തേഞ്ഞിപ്പലം (മലപ്പുറം) ∙ കോഴിക്കോട് ബീച്ചിൽനിന്നു വീട്ടിലേക്കു മടങ്ങുകയായിരുന്ന സുഹൃത്തുക്കൾ സഞ്ചരിച്ച കാറിൽ, ദിശ തെറ്റിച്ച് എതിരെയെത്തിയ ലോറിയിടിച്ച് രണ്ടു യുവാക്കൾ മരിച്ചു. മൂന്നു പേർക്കു പരുക്കേറ്റു. ഞായറാഴ്ച പുലർച്ചെ 2.30ന് ദേശീയപാത 66ൽ ചേലേമ്പ്ര ഇടിമുഴിക്കലിലായിരുന്നു അപകടം. പെരുവള്ളൂ‍ർ കൂമണ്ണ പൂവത്തൻമാട് കഴുങ്ങുംതോട്ടത്തിൽ അബൂബക്കറിന്റെയും നഫീസയുടെയും മകൻ കെ.ടി.അബ്ദുൽ ജംഷീർ (31), പൂവത്തൻമാട് കാവുളക്കണ്ടി വീട്ടിൽ‍ കോട്ടീരി മുഹമ്മദിന്റെയും റുഖിയയുടെയും മകൻ ഹാരിസ് (27) എന്നിവരാണു മരിച്ചത്. നടുവിലുംകണ്ടി വീട്ടിൽ ഡോ.സി.ഉവൈസ് (27), പടിഞ്ഞാറയിൽ വീട്ടിൽ ജാബിർ (29), ചാരൊടുവിൽ വീട്ടിൽ കെ.പി.മുസമ്മൽ (28) എന്നിവർക്കു നിസ്സാര പരുക്കേറ്റു. അപകടത്തിനു പിന്നാലെ ലോറി ഡ്രൈവർ കടന്നുകളഞ്ഞു.ചെങ്കല്ലുമായി തൃശൂർ ഭാഗത്തേക്കു പോകുകയായിരുന്നു ലോറി. എക്സിറ്റ് കടന്നുപോയതു മനസ്സിലായതോടെ യു ടേൺ എടുത്ത് വൺവേയിലൂടെ അതിവേഗത്തിൽ എതിർദിശയിലേക്കു വരുമ്പോഴാണ് അപകടമെന്നു പൊലീസ് അറിയിച്ചു. കാർ പൂർണമായി തകർന്നു. കാറിലുണ്ടായിരുന്ന അഞ്ചുപേരെയും കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ഹാരിസും ജംഷീറും മരിച്ചു. ഇരുവരുടെയും മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം കബറടക്കി.


Fashion ⏭️

Back to top button