മകന്റെ തകർന്നുപോയ ബിസിനസ് തിരിച്ചുപിടിച്ച് അമ്മ; സ്വന്തം ചേരുവ ചേർത്ത് ദോശ; ഇന്ന് മാസം 12 ലക്ഷം വരുമാനം

പ്രതീകാത്മക ചിത്രം
തന്റെ അമ്മയുടെ ചേരുവ ബിസിനസാക്കി മാറ്റി 12 ലക്ഷം രൂപ മാസം സമ്പാദിക്കുകയാണ് ഒരു മകൻ. മഹാരാഷ്ട്രയിലെ താനെ സ്വദേശിയായ ഗണേശ് സാത്തെ ആണ് തന്റെ അമ്മ പകർന്നുതന്ന രുചി മറ്റുള്ളവരിൽ എത്തിക്കുന്നതിനൊപ്പം കോടികളും സമ്പാദിക്കുന്നത്.
ഗണേശും സഹോദരി സപ്നയും ചേർന്നാണ് ഫുഡ് ട്രക്ക് നടത്തുന്നത്. ‘ബെന്നെ’ എന്നാണ് കടയുടെ പേര്. ദിവസം ആകെ 200 രൂപ മാത്രം വരുമാനത്തിൽ നിന്നാണ് ഇവരുടെ ബിസിനസ് 12 ലക്ഷം രൂപ നേടുന്നതിൽ എത്തിനിൽക്കുന്നത്. ചാർട്ടേഡ് അക്കൗണ്ടന്റാകാനുള്ള തയ്യാറെടുപ്പുകൾ ഉപേക്ഷിച്ചാണ് ഗണേശ് ബിസിനസ് രംഗത്തെത്തിയത്. സിഎ പഠനത്തിനിടയിലും തന്റെ അമ്മ തയ്യാറാക്കി നൽകുന്ന ബെന്നെ ദോശ ഗണേശിന്റെ മനസിലുണ്ടായിരുന്നു. ഇതാണ് പുതിയ സംരംഭത്തിന് പ്രചോദനമായത്.
50,000 രൂപ കടംവാങ്ങി ഒരു പഴയ വണ്ടി സ്വന്തമാക്കി അതിലാണ് ദോശക്കട തുടങ്ങിയത്. ഇതിനിടെ സഹോദരിയും ഒപ്പം ചേർന്നു. എന്നാൽ ബിനിനസ് തകർച്ചയുടെ വക്കിലെത്തി. കട പൂട്ടാനും ഇരുവരും തീരുമാനിച്ചു. അവസാന ശ്രമമായി സോഷ്യൽ മീഡിയയുടെ സഹായം തേടാൻ ആലോചിച്ചു. ഒപ്പം സഹായത്തിനായി അമ്മയുമെത്തി. ഇതാണ് വഴിത്തിരിവായത്.
വണ്ടി പുനർനിർമ്മിച്ചു, അമ്മയുടെ ചേരുവ ചേർത്ത് ദോശകൾ തയ്യാറാക്കി, എല്ലാ കാര്യങ്ങളും ഓൺലൈനിൽ പങ്കുവയ്ക്കാൻ തുടങ്ങി. എല്ലാ ദിവസവും രാവിലെ അമ്മയും സപ്നയും ചേർന്ന് ദോശ മാവ് തയ്യാറാക്കിയപ്പോൾ ഗണേശ് സ്വാദിഷ്ടമായ ദോശ തയ്യാറാക്കി. പതുക്കെ, ആളുകൾ ശ്രദ്ധിക്കാൻ തുടങ്ങി. ഫോളോവേഴ്സ് വർദ്ധിച്ചു, ഉപഭോക്താക്കൾ എത്തിത്തുടങ്ങി, താമസിയാതെ, ഒരു മണിക്കൂറിനുള്ളിൽ ദോശ വിറ്റുതീരുന്ന നിലയിലെത്തി.
ഇന്ന് ദിവസവും ഏകദേശം 400 പേർ കട സന്ദർശിക്കുന്നു. പഴയ വണ്ടി ഒരു സ്ഥിരം കടയായി മാറി. ഇന്ന് ബിസിനസിൽ നിന്ന് പ്രതിദിനം 40,000 രൂപയോളമാണ് കടയ്ക്ക് വരുമാനം ലഭിക്കുന്നത്. അതായത് പ്രതിമാസം ഏകദേശം 12 ലക്ഷം രൂപ!
English Summary
Ganesh Sathe from Thane, Maharashtra, turned his mother’s traditional Benne dosa recipe into a thriving business. Abandoning his CA studies, he and his sister established ‘Benne’, overcoming initial struggles. Leveraging their mother’s recipes and social media, the venture, which started as a food truck, now earns approximately 12 lakh rupees monthly.
News ⏭️


