SPORTS
ബുമ്രയുടെ മടങ്ങിവരവിൽ അനിശ്ചിതത്വം തുടരുന്നു; ലക്നൗ പേസറെ ‘ബാക്അപ്’ ആയി പരിഗണിച്ച് ബിസിസിഐ

മുംബൈ ∙ അഫ്ഗാനിസ്ഥാനെതിരായ ട്വന്റി20 പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ടെങ്കിലും പേസർ ജസ്പ്രീത് ബുമ്രയ്ക്ക് ഇതുവരെ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിച്ചിട്ടില്ല. ബെംഗളുരൂവിലെ സെന്റർ ഫോർ എക്സലൻസിലുള്ള താരം കായികക്ഷമത വീണ്ടെടുക്കാനുള്ള കഠിന പരിശീലനത്തിലാണ്. അഫ്ഗാൻ പരമ്പരയ്ക്കു ശേഷം നടക്കുന്ന ഏഷ്യൻ ഗെയിംസ് ക്രിക്കറ്റിനുള്ള ഇന്ത്യൻ ടീമിലും ബുമ്രയുണ്ട്. ബുമ്രയുടെ മടങ്ങിവരവ് സംബന്ധിച്ച് അനിശ്ചിതത്വം തുടരുന്ന സാഹചര്യത്തിൽ, താരത്തിന് ഒരു ‘സാധ്യതാ ബാക്അപ്’ കണ്ടെത്തിയിരിക്കുകയാണ് ബിസിസിഐ. ഐപിഎലിൽ ലക്നൗ സൂപ്പർ ജയന്റ്സ് താരമായ പ്രിൻസ് യാദവിനെയാണ് ബുമ്രയ്ക്കു പകരക്കാരനായി ബിസിസിഐ കണ്ടെത്തി വച്ചിരിക്കുന്നത്. അവസാനനിമിഷം ബുമ്ര കളിക്കാത്ത സാഹചര്യമുണ്ടായാൽ പ്രിൻസ് യാദവിനെ സ്ക്വാഡിൽ ഉൾപ്പെടുത്തും. സെപ്റ്റംബർ 10നാണ് ഇന്ത്യൻ താരങ്ങൾ ഡൽഹിയിലെത്തുന്നത്. 13, 15, 17 തീയതികളിൽ ഡൽഹി അരുൺ ജയ്റ്റ്ലി സ്റ്റേഡിയത്തിലാണ് അഫ്ഗാനിസ്ഥാനെതിരായ ട്വന്റി20 മത്സരങ്ങൾ. 10നു മുന്നോടിയായി ജസ്പ്രീത് ബുമ്ര, നിതീഷ് കുമാർ റെഡ്ഡി, വാഷിങ്ടൻ സുന്ദർ, ഹർഷിത് റാണ എന്നിവർ ഒരു ആഴ്ച നീളുന്ന മാച്ച്-സിമുലേഷൻ ടെസ്റ്റുകൾക്ക് വിധേയരാകും.
Auto ⏭️


