NEWS

3024 രൂപ കുടിശിക; വിദ്യാഭ്യാസ ജില്ലാ കാര്യാലയത്തിന്റെ ഫ്യൂസ് ഊരി കെഎസ്ഇബി


വണ്ടൂർ ∙ 4 ഉപജില്ലകളിലായി 65 വിദ്യാലയങ്ങളുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കേണ്ട വണ്ടൂർ വിദ്യാഭ്യാസ ജില്ലാ കാര്യാലയത്തിന്റെ ‘ഫ്യൂസ്’ കെഎസ്ഇബി അധികൃതർ ഊരി. കുടിശികയുള്ള 3024 രൂപ അടയ്ക്കാത്തതിനെ തുടർന്നാണു നടപടി. എന്നാൽ സ്മാർട് മീറ്റർ ഉള്ള കാര്യാലയമായതിനാൽ സർക്കാർ ഒന്നിച്ചു തുക അടയ്ക്കുന്ന സംവിധാനമാണു നിലവിലുള്ളതെന്നും വിദ്യാഭ്യാസ ജില്ലാ കാര്യാലയത്തിനും അതു ബാധകമാണെന്നും പലതവണ അക്കാര്യം സൂചിപ്പിച്ചിട്ടും പരിഹരിക്കാൻ കെഎസ്ഇബി ഉദ്യോഗസ്ഥർ ശ്രമിച്ചില്ലെന്നും ഉദ്യോഗസ്ഥർ പറയുന്നു.കഴിഞ്ഞ ഏപ്രിലിലാണ് വണ്ടൂർ വിദ്യാഭ്യാസ ജില്ലാ കാര്യാലയത്തിൽ സ്മാർട് മീറ്റർ സ്ഥാപിച്ചത്. എന്നാൽ തുടർന്നുള്ള മാസങ്ങളിലും ബിൽ വന്നു. ഇതുവരെ ജീവനക്കാർ കയ്യിൽ നിന്നെടുത്തു തുക അടച്ചു. ഈ മാസവും ബിൽ വന്നപ്പോൾ കെഎസ്ഇബിയുടെ ശ്രദ്ധയിൽപെടുത്തി ഇനി ഉദ്യോഗസ്ഥർ അടയ്ക്കില്ലെന്നു അറിയിച്ചു. തുടർന്നാണ് ഇന്നലെ വൈകിട്ടു കെഎസ്ഇബി ഉദ്യോഗസ്ഥരെത്തി ഫ്യൂസ് ഊരിയത്.


Fashion ⏭️

Back to top button