NEWS
നേപ്പാളിലെ നദികളിൽ ജലനിരപ്പ് അപകടകരമായ നിലയിൽ; വരുംദിനങ്ങളിലും കനത്ത മഴയ്ക്കു സാധ്യത

കഠ്മണ്ഡു ∙ തുടർച്ചയായ മഴയെ തുടർന്ന് സുൻ കോശി, ബുധി ഗണ്ഡകി, മഹാകാളി നദികളിൽ ജലനിരപ്പ് അപകടകരമായി ഉയർന്നു. തീരപ്രദേശങ്ങളിൽ താമസിക്കുന്നവർ അതീവ ജാഗ്രത പാലിക്കണമെന്നും സുരക്ഷിത സ്ഥാനങ്ങളിലേക്കു മാറണമെന്നും ദുരന്തനിവാരണ അതോറിറ്റി നിർദേശം നൽകി. ബാഗ്മതി, ഗണ്ഡകി, കോസി പ്രവിശ്യകളിൽ വരും ദിനങ്ങളിലും കനത്ത മഴയ്ക്കു സാധ്യതയുണ്ടെന്ന് അധികൃതർ മുന്നറിയിപ്പു നൽകി. മഴ തുടരുന്നത് രക്ഷാപ്രവർത്തനത്തെയും ബാധിച്ചിട്ടുണ്ട്. അതേസമയം, സഹായത്തിനായി നോർക്ക റൂട്സ് ഹെൽപ് ഡെസ്കിൽ റജിസ്റ്റർ ചെയ്ത 52 പേരിൽ 44 പേർ ഇന്ത്യയിൽ തിരിച്ചെത്തി. രക്ഷകരായി ഡ്രോണുകൾപ്രളയദുരന്തത്തിൽ വലയുന്ന നേപ്പാൾ ജനതയ്ക്കു കരുതലേകാൻ മലയാളിയും. രാജ്യാന്തര സന്നദ്ധസംഘടന പ്ലാൻ ഇന്റർനാഷനലിന്റെ ഗ്ലോബൽ ഹ്യുമാനിറ്റേറിയൻ ഡയറക്ടറായ, കാഞ്ഞങ്ങാട് സ്വദേശി ഡോ. ഉണ്ണി കൃഷ്ണനാണ് നേപ്പാളിലെത്തിയത്. കുട്ടികൾക്ക്, പ്രത്യേകിച്ചു പെൺകുട്ടികൾക്ക് സഹായമെത്തിക്കുന്നതിലാണ് സംഘടനയുടെ ശ്രദ്ധ. സാനിറ്ററി നാപ്കിൻ, വസ്ത്രങ്ങൾ, മരുന്ന് എന്നിവയെല്ലാം ലഭ്യമാക്കുന്നു. ‘ഇത്തരം ദുരന്തങ്ങളിൽ പലർക്കും പല രീതിയിലാകും സഹായം ആവശ്യമാകുക. മാനസികമായ പിന്തുണ ഉൾപ്പെടെ നൽകേണ്ടതുണ്ട്. അതുറപ്പാക്കുകയാണു ലക്ഷ്യം’– ഡോ. ഉണ്ണി കൃഷ്ണൻ പറഞ്ഞു.
Fashion ⏭️


