NEWS
കെഎസ്ആർടിസി ബസിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമം; 53കാരൻ അറസ്റ്റിൽ

കോഴിക്കോട്: കെഎസ്ആർടിസി ബസ് യാത്രയ്ക്കിടെ യുവതിയോട് ലൈംഗിക അതിക്രമം നടത്തിയയാൾ അറസ്റ്റിൽ. കാക്കൂർ ചാലങ്ങോട്ട് മനയിൽ ബിജുവിനെയാണ് (53) നടക്കാവ് പൊലീസ് അറസ്റ്റ് ചെയ്തത്. വടകര സ്വദേശിയായ യുവതിക്ക് നേരെയാണ് അതിക്രമമുണ്ടായത്.ശനിയാഴ്ച രാത്രി കോഴിക്കോട് നിന്ന് കണ്ണൂർ ഭാഗത്തേക്ക് പോവുകയായിരുന്ന കെഎസ്ആർടിസി ബസിൽ മാനാഞ്ചിറയ്ക്കു സമീപത്തുവച്ചായിരുന്നു സംഭവം. യാത്രയ്ക്കിടെ ബിജു യുവതിയുടെ സ്വകാര്യ ഭാഗങ്ങളിൽ സ്പർശിച്ച് ലൈംഗിക അതിക്രമം നടത്തുകയായിരുന്നു. തുടർന്ന് യുവതി ബസിൽ ബഹളം വച്ചു. പിന്നാലെ ബസ് ജീവനക്കാരും യാത്രക്കാരും ചേർന്ന് വാഹനം നേരെ നടക്കാവ് പൊലീസ് സ്റ്റേഷനിലേക്ക് എത്തിക്കുകയായിരുന്നു. യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നടക്കാവ് എസ്ഐ ശ്രീജേഷിന്റെ നേതൃത്വത്തിലുള്ള സംഘം പ്രതിയെ കസ്റ്റഡിയിലെടുത്തു. അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Fashion ⏭️


