കേരളകൗമുദിയുടെ നാഴികക്കല്ലുകൾ വ്യക്തമാക്കി ചീഫ് എഡിറ്റർ ദീപു രവി

ആലപ്പുഴ: കേരളകൗമുദിയുടെ 115-ാം വാർഷിക ആഘോഷവേളയിൽ നാല് തലമുറ പിന്നിട്ട യാത്രയിലെ നാഴികക്കല്ലുകൾ വ്യക്തമാക്കി ചീഫ് എഡിറ്റർ ദീപുരവി. കേരളകൗമുദിയുടെ ചരിത്രം കേരളത്തിന്റെ രാഷ്ട്രീയ, സാമൂഹിക ചരിത്രവുമായി അഭേദ്യമായി ബന്ധപ്പെട്ടുകിടക്കുന്നതാണ്. കഴിഞ്ഞ നൂറ്റാണ്ടിന്റെ തുടക്കത്തിൽ സാമൂഹ്യ അനീതിയും ജാതീയ ആചാരങ്ങളും സമൂഹത്തെ ആഴത്തിൽ ഗ്രസിച്ചിരുന്നു. സ്വാമി വിവേകാനന്ദൻ കേരളത്തെ ഭ്രാന്താലയത്തോട് ഉപമിക്കുന്ന സാഹചര്യംവരെ ഉണ്ടായി. ആ ഇരുണ്ട കാലഘട്ടത്തിൽനിന്ന് ഉയർത്തിക്കൊണ്ടുവരുന്നതിലും സാമൂഹിക-സാംസ്കാരിക നവോത്ഥാനത്തിന് വഴിയൊരുക്കുന്നതിലും ശ്രീനാരായണഗുരു നിർണായക പങ്കുവഹിച്ചു. ഗുരുദേവന്റെ കടുത്ത അനുയായിയായിരുന്ന തന്റെ മുതുമുത്തച്ഛൻ സി.വി.കുഞ്ഞുരാമൻ ഗുരുദേവന്റെ നിർദേശപ്രകാരം 1911ൽ കേരളകൗമുദി വാരികയ്ക്ക് തുടക്കം കുറിച്ചു.
ഗുരുവിന്റെ ആശയങ്ങൾ ജനങ്ങളിലെത്തിക്കുകയും പിന്നാക്കം നിൽക്കുന്ന ജനവിഭാഗങ്ങളുടെ ഉന്നമനത്തിനായി ശബ്ദമുയർത്തുകയുമായിരുന്നു പ്രധാന ലക്ഷ്യം. സ്വാതന്ത്ര്യസമരത്തിലും വൈക്കം സത്യാഗ്രഹം ഉൾപ്പെടെയുള്ള സാമൂഹിക മുന്നേറ്റങ്ങളിലും കേരളകൗമുദി മുൻനിരയിൽ നിലകൊണ്ടു.
1941ൽ അദ്ദേഹത്തിന്റെ മകനായ കെ.സുകുമാരൻ പത്രാധിപത്യം ഏറ്റെടുത്തു. നാല് പതിറ്റാണ്ടോളം അദ്ദേഹം അടിച്ചമർത്തലിനും സാമൂഹിക അസമത്വത്തിനുമെതിരായ പോരാട്ടം തുടർന്നു. സമൂഹത്തിന് നൽകിയ വിലമതിക്കാനാകാത്ത സേവനങ്ങളെ മാനിച്ച് 1971ൽ രാജ്യം അദ്ദേഹത്തെ പത്മഭൂഷൺ നൽകി ആദരിച്ചു.
2011ൽ തിരുവനന്തപുരത്ത് കേരളകൗമുദിയുടെ ശതാബ്ദി ആഘോഷങ്ങളുടെ ഉദ്ഘാടനച്ചടങ്ങിൽ അന്നത്തെ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിങ് ഇങ്ങനെ അഭിപ്രായപ്പെട്ടു: “നൂറ് വർഷം പൂർത്തിയാക്കുന്ന ഏതൊരു സ്ഥാപനവും സവിശേഷമാണ്. എന്നാൽ ഒരു പത്രം നൂറ് വർഷം പൂർത്തിയാക്കുമ്പോൾ അതിലും വലിയ പ്രാധാന്യമുണ്ട്. കാരണം, രാജ്യത്തിന്റെ ചരിത്രത്തെ രൂപപ്പെടുത്തുന്നതിൽ അത് പങ്കുവഹിച്ചിട്ടുണ്ടാകും.”
കേരളകൗമുദിയും മാറ്റങ്ങൾ ഉൾക്കൊണ്ടു.ചെറിയ വാരികയായി ആരംഭിച്ചത് ഇന്ന് പത്ത് പ്രിന്റ് എഡിഷനുകളിലേക്ക് വളർന്നു. ഓൺലൈൻ വാർത്താ പോർട്ടലുകളിലൂടെയും ഇ-പേപ്പറിലൂടെയും ഡിജിറ്റൽ രംഗത്തും ശക്തമായ സാന്നിധ്യം ഉറപ്പിക്കാൻ കഴിഞ്ഞു. കൗമുദി ടി.വിയും മുന്നേറുന്നു.
എന്ത് പ്രത്യാഘാതങ്ങൾ ഉണ്ടായാലും ജനങ്ങളുടെയും രാജ്യത്തിന്റെയും താൽപര്യങ്ങൾക്ക് എപ്പോഴും പ്രഥമ പരിഗണന നൽകും.
സാമൂഹിക ഐക്യത്തിനും പൊതുസമൂഹത്തിന്റെ ക്ഷേമത്തിനുമെതിരായ പഴയ ഭീഷണികൾ വ്യത്യസ്ത തീവ്രതകളിൽ ഇന്നും നിലനിൽക്കുന്നുണ്ട്. രാജ്യത്തിന് അകത്തുനിന്നും പുറത്തുനിന്നും പുതിയ വെല്ലുവിളികളും ഉയരുന്നു. ദേശീയ സുരക്ഷയ്ക്കും സമ്പദ്‌വ്യവസ്ഥയ്ക്കും നേരെയുള്ള ഭീഷണികൾ ഇതിൽ പ്രധാനപ്പെട്ടവയാണ്.
ശരിയായ നയങ്ങൾ സ്വീകരിക്കുന്നതിലൂടെയും വിഭവങ്ങൾ ഫലപ്രദമായി വിനിയോഗിക്കുന്നതിലൂടെയും യുവജനങ്ങളെ ശാക്തീകരിക്കുന്നതിലൂടെയും ഈ വെല്ലുവിളികളെ അവസരങ്ങളാക്കി മാറ്റാൻ കഴിയും. രാജ്യത്തെ ആഗോള നേതൃത്വപദവിയിലേക്ക് ഉയർത്താൻ ഇതിലൂടെ സാധിക്കും. ബഹുമാനപ്പെട്ട പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ രാജ്യം ആ ദിശയിൽ ഏറെ മുന്നോട്ട് പോകുകയാണ്.
തുടർച്ചയായി 30 വർഷം എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറിയായി വെള്ളാപ്പള്ളിനടേശൻ തിരഞ്ഞെടുക്കപ്പെട്ടത് അദ്ദേഹത്തിന്റെ നേതൃത്വപാടവത്തിന്റെയും കഴിവിന്റെയും ജനപ്രീതിയുടെയും തെളിവാണ്. 115 വർഷമായി കേരളകൗമുദി ഉയർത്തിപ്പിടിച്ച മൂല്യങ്ങൾ കൂടുതൽ ശക്തമായി മുന്നോട്ടുകൊണ്ടുപോകുമെന്നും ജനങ്ങളുടെയും രാജ്യത്തിന്റെയും താൽപര്യങ്ങൾക്ക് എന്നും മുൻതൂക്കം നൽകുമെന്നും ചീഫ് എഡിറ്റർ വ്യക്തമാക്കി.

