NEWS
കശ്മീരിൽ ഭീകരസംഘടനകളുടെ ‘ഡിജിറ്റൽ അടവ്’; റിക്രൂട്ട്മെന്റ് അശ്ലീല സൈറ്റുകളും എൻക്രിപ്റ്റഡ് ആപ്പുകളും വഴി

ന്യൂഡൽഹി ∙ പാക്കിസ്ഥാൻ കേന്ദ്രമായി പ്രവർത്തിക്കുന്ന ഭീകര സംഘടനകൾ ആശയവിനിമയത്തിനായി അശ്ലീല വെബ്സൈറ്റുകൾ ഉപയോഗിക്കുന്നതായി സുരക്ഷാ ഏജൻസികളുടെ കണ്ടെത്തൽ. അശ്ലീല വെബ്സൈറ്റുകളിലും ആപ്പുകളിലും ലഭ്യമായ ചാറ്റ് ടൂളുകൾ വഴിയാണ് ഭീകരസംഘടനയിലേക്ക് ആളുകളെ കണ്ടെത്തുന്നതിനുള്ള ‘റിക്രൂട്ട്മെന്റ്’ നടക്കുന്നതെന്നു വാർത്ത ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്യുന്നു.സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ നിന്ന് വ്യത്യസ്തമായി ഇന്ത്യയിൽ നിരോധനം ഏർപ്പെടുത്തിയിട്ടുള്ള അശ്ലീല വെബ്സൈറ്റുകളും ഗെയിമിംഗ് പ്ലാറ്റ്ഫോമുകളുമാണ് ഭീകരർ ലക്ഷ്യമിടുന്നത്. ജമ്മു കശ്മീരിൽ പുതിയ ആളുകളെ ഭീകരപ്രവർത്തനങ്ങളിലേക്ക് ആകർഷിക്കാനും റിക്രൂട്ട് ചെയ്യാനും ഭീകരരും പാക്കിസ്ഥാന്റെ ചാരസംഘടനയായ ഐഎസ്ഐയും ഈ രഹസ്യ ചാനലുകൾ ഉപയോഗിക്കുന്നുണ്ടെന്നും റിപ്പോർട്ടുണ്ട്.വിയറ്റ്നാം കേന്ദ്രീകൃതമായി പ്രവർത്തിക്കുന്ന ആപ്പുകളും ‘മൂൺചാറ്റ്’ പോലുള്ള അജ്ഞാത പ്ലാറ്റ്ഫോമുകളും സുരക്ഷാ ഏജൻസികൾ നിരീക്ഷിച്ചുവരികയാണ്. റജിസ്ട്രേഷൻ നടപടികൾ ഒഴിവാക്കുന്നതും ചൈനീസ് ബന്ധമുണ്ടെന്ന് സംശയിക്കുന്നതുമായ പി.ജി.പി (PGP) എൻക്രിപ്റ്റഡ് പതിപ്പുകളും മൂൺചാറ്റിനുണ്ട്. സമീപപ്രദേശങ്ങളിലുള്ള അവിവാഹിതരായ ആളുകളെ കണ്ടെത്താനെന്ന വ്യാജേനയുള്ള മൂൺചാറ്റിന്റെ വിവിധ പതിപ്പുകൾ ഭീകരർ ഉപയോഗിക്കുന്നുണ്ടെന്ന് പിടിഐ റിപ്പോർട്ട് ചെയ്യുന്നു.
Fashion ⏭️

