NEWS

ആ ബുദ്ധക്ഷേത്രത്തിൽ കയറിയത് ജീവൻകാത്തു കൂരിരുട്ടിൽ കൊടുംകാട്ടിൽ ഞെട്ടിവിറച്ച നിമിഷങ്ങൾ പങ്കുവെച്ച് മടങ്ങിയെത്തിയവർ

കാസർകോട്: ‘സത്യം പറഞ്ഞാൽ ആ മുപ്പത് മിനിട്ടാണ് ജീവൻ രക്ഷിച്ചത്. കാഠ്മണ്ഡുവിന് തൊട്ടടുത്ത് ഒരു ബുദ്ധ ക്ഷേത്രം ഉണ്ട്. ടൂർ പ്ലാനിൽ ഇല്ലായിരുന്നെങ്കിലും അവിടെ കയറാമെന്ന് ഡ്രൈവർ പറഞ്ഞു. നല്ല ശാന്തത. അരമണിക്കൂറോളം അവിടെ ചെലവഴിച്ചു. ആ നിമിഷങ്ങൾക്ക് ജീവന്റെ വിലയെന്ന് പിന്നീടാണ് മനസിലായത്..’

കാഞ്ഞങ്ങാട് വന്നിറിങ്ങിയ അനിൽ നീലാംബരിയും രാജനും അടക്കമുള്ളവർക്ക് ആ നിമിഷങ്ങൾ മറക്കാനാവില്ല.

‘മുന്നിൽ പോയ വാഹനങ്ങളെ കുറിച്ച് വിവരമില്ല. നദിയിൽ വെള്ളം കയറിയപ്പോൾ ഇതൊക്കെ പതിവാണെന്ന് പ്രദേശവാസികൾ പറഞ്ഞു. പക്ഷെ നിമിഷങ്ങൾക്കുള്ളിൽ കണ്ടത് മുന്നിലൂടെ വാഹനങ്ങളും കെട്ടിടങ്ങളും ഒഴുകുന്നതാണ്. എന്ത് ചെയ്യണം അറിയാതെ പകച്ചു പോയി. ഫോണിൽ റേഞ്ച് ഇല്ല. നദിക്കരയിൽ നിന്നുമാറി കൊടുംകാട്ടിലൂടെയായി പിന്നീടുള്ള യാത്ര. വണ്ടി ചൂടായി നിന്നു.കൂരിരുട്ടിൽ ആരും വണ്ടിയിൽ നിന്നും ഇറങ്ങരുതെന്ന് ഡ്രൈവർ പറഞ്ഞു. വന്യ ജീവികളുടെ അക്രമം ഉണ്ടാകും. ഭക്ഷണം ഇല്ല. ആകെയുള്ളത് ആപ്പിൾ മാത്രമായിരുന്നു. എങ്ങനെയെങ്കിലും നാട്ടിൽ എത്തണം എന്ന ചിന്ത മാത്രം. രാത്രിയിൽ കൊടും കാടുകൾ താണ്ടി സുരക്ഷിത സ്ഥലത്ത് എത്തുകയായിരുന്നു. ഇന്ത്യയുടെ അതിർത്തിയിൽ എത്തിയപ്പോഴാണ് ശ്വാസം നേരെ വീണത്. നിരന്തരം വീട്ടുകാർ ബന്ധപ്പെടുന്നുണ്ടായിരുന്നു. അതൊരു ആശ്വാസമായി’- അനിൽ പറഞ്ഞു

തലനാരിഴയ്ക്ക് രക്ഷപ്പെട്ട 36 അംഗ മലയാളി സംഘത്തിലെ കാസർകോട് സ്വദേശികളായ അഞ്ചു പേരാണ് നാട്ടിൽ എത്തിയത്. ഗോരഖ് പൂർ വിമാനത്താവളത്തിൽ നിന്ന് ശനിയാഴ്ച വൈകിട്ട് ബംഗളൂരുവിലേക്ക്. അവിടെ നിന്നാണ് കാസർകോട്ടേക്ക് ട്രെയിനിൽ എത്തിയത്. സ്വീകരിക്കാൻ കുടുംബാംഗങ്ങൾ റെയിൽവേ സ്റ്റേഷനിൽ എത്തിയിരുന്നു. സംഘത്തിലെ കുറച്ചുപേർ നെടുമ്പാശേരി വിമാനത്താവളത്തിലെത്തി.

പെരിയ പോളിടെക്നിക്കിലെ അദ്ധ്യാപകൻ ചെറുവത്തൂർ സ്വദേശി രാജൻ, അദ്ധ്യാപകൻ അനിൽ നീലാംബരി, റിട്ട. എസ്.ഐ പ്രദീപ് കുമാർ ,റിട്ട. കെ.എസ്.ഇ.ബി ഉദ്യോഗസ്ഥൻ എം. കരുണാകരൻ, മുഴക്കോത്തെ രാജീവൻ എന്നിവരാണ് കാസർകോട് നിന്നു സംഘത്തിൽ ഉണ്ടായിരുന്നത്.

എറണാകുളത്തെ ട്രാവൽ ഏജൻസി വഴി 36 പേരാണ് 23ന് നേപ്പാളിലേക്ക് പോയത്. കാഠ്മണ്ഡുവിൽ നിന്നു പൊഖ്റായിലേക്കുള്ള യാത്രയ്ക്കിടെയാണ് മിന്നൽ പ്രളയം ഉണ്ടായത്.

Read News ⏭️

Back to top button