കൊല്ലത്ത് ഹോട്ടൽ കെട്ടിടത്തിൽനിന്ന് ചാടി യുവതി ജീവനൊടുക്കി; ഒപ്പം താമസിച്ച യുവാവ് സംശയനിഴലിൽ

വൃന്ദ
കൊല്ലം: ഹോട്ടൽ കെട്ടിടത്തിന് മുകളിൽനിന്ന് ചാടിയ 27കാരി മരിച്ചു. ആലപ്പുഴ കഞ്ഞിക്കുഴി സ്വദേശി വൃന്ദ (27)യാണ് ആത്മഹത്യ ചെയ്തത്. കണിച്ചുകുളങ്ങര എൻഎച്ച് ജംഗ്ഷന് കിഴക്ക് വിഷ്ണു നിവാസിൽ നാഗപ്പന്റെ മകളാണ് വൃന്ദ.
ഇന്നലെ വൈകിട്ട് ആറ് മണിയോടെ കൊല്ലം നഗരത്തിലെ ഹോട്ടലിലെ മുകൾ നിലയിൽനിന്നാണ് യുവതി താഴേക്ക് ചാടിയത്. അപകടമുണ്ടായി നിമിഷങ്ങൾക്കകംതന്നെ യുവതി മരിച്ചു. ഈ മാസം 20 മുതലാണ് എറണാകുളം സ്വദേശിയായ യുവാവിനൊപ്പം യുവതി ഇവിടെ റൂമെടുത്ത് താമസിക്കാൻ തുടങ്ങിയത്. ഇരുവരും കഴിഞ്ഞ കുറച്ച് നാളുകളായി ഒന്നിച്ച് താമസിച്ച് വരികയായിരുന്നെന്ന് പൊലീസ് അന്വേഷണത്തിൽ വ്യക്തമായി.
യുവതിക്കൊപ്പമുണ്ടായിരുന്ന യുവാവ് പൊലീസിന്റെ നിരീക്ഷണത്തിലാണ്. ആത്മഹത്യയിലേക്ക് നയിച്ച കാരണം വ്യക്തമല്ല. ജില്ലാ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.


