BUSINESS
ടച്ചിങ്സിൽ തൊട്ടു കളിക്കരുത്! കള്ളുഷാപ്പിൽ കറിവിൽപനയ്ക്ക് പ്രത്യേക ലൈസൻസ് വേണം, പുഴുങ്ങിയ മുട്ട വിൽക്കാനും!

തൃപ്രയാർ (തൃശൂർ) ∙ കള്ളുഷാപ്പിൽ കറികൾ പാകം ചെയ്യുന്നതിനു നിയന്ത്രണം വരുന്നു. എക്സൈസ് വകുപ്പിന്റെ ‘ഓപ്പറേഷൻ ശുദ്ധി’ നടപടിയുടെ ഭാഗമായി എക്സൈസ് വകുപ്പ് ഇറക്കിയ ഉത്തരവിൽ കള്ളുഷാപ്പിൽ പാക്കറ്റിൽ അല്ലാതെ നടത്തുന്ന ഭക്ഷണ വിൽപനയ്ക്ക് ഇനി ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ ലൈസൻസ് വേണമെന്നാണു നിബന്ധന. തദ്ദേശസ്ഥാപനം, ആരോഗ്യ വകുപ്പ് എന്നിവയുടെ അനുമതികളും ആവശ്യമാണ്.കോട്ടയത്തെ ഷാപ്പിൽ മീനിന്റെ തലക്കറി കഴിച്ചശേഷം ഒരാൾ മരിച്ച സംഭവത്തെ തുടർന്നുണ്ടായ പരാതികളുടെ അടിസ്ഥാനത്തിലാണ് നിർദേശം. അതേസമയം, പുഴുങ്ങിയ മുട്ട വിൽക്കാൻവരെ ഹോട്ടലുകൾക്കു സമാനമായ ലൈസൻസ് എടുക്കണമെന്ന തരത്തിലുള്ള ഉത്തരവിനെതിരെ ഷാപ്പ് ലൈസൻസികൾ രംഗത്തെത്തി. ചട്ടങ്ങൾ പരിശോധിച്ച് ഉത്തരവു പുതുക്കി ഇറക്കുമെന്ന് എക്സൈസ് കമ്മിഷണർ ഓഫിസ് വ്യക്തമാക്കി. ഷാപ്പുകളെ പല വിഭാഗങ്ങളായി തിരിച്ചു പുതുക്കിയ ഉത്തരവ് ഇറക്കാനാണ് ആലോചന.
Travel ⏭️


