NEWS
രക്ഷാപ്രവർത്തനത്തിൽ വിദേശ രാജ്യങ്ങളെ കൈ അകലത്തിൽ നിർത്തി നേപ്പാൾ; കാരണം 2015 ലെ ഭൂകമ്പം നൽകിയ പാഠം

കഠ്മണ്ഡു∙ മിന്നൽ പ്രളയത്തിൽ പകച്ചുനിൽക്കുമ്പോഴും രക്ഷാപ്രവർത്തനത്തിനു എത്താമെന്ന വിദേശ രാജ്യങ്ങളുടെ സഹായത്തെ നേപ്പാൾ സർക്കാർ നിരസിച്ചെന്ന റിപ്പോർട്ടുകൾ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. രക്ഷാപ്രവർത്തനം വേഗത്തിലാക്കുന്നതിനായി ഹെലികോപ്റ്ററുകളും പരിശീലനം സിദ്ധിച്ച സേനാംഗങ്ങളെയും അയയ്ക്കാമെന്ന വിദേശ രാജ്യങ്ങളുടെ അഭ്യർഥനയാണ് നേപ്പാൾ നിരസിച്ചത്. ഇപ്പോഴത്തെ സാഹചര്യത്തിൽ രക്ഷാപ്രവർത്തനങ്ങൾ നടത്താൻ ആവശ്യമുള്ള സംവിധാനങ്ങൾ നേപ്പാളിനു സ്വന്തമായിട്ടുണ്ടെന്നും കാണാതായ നൂറുകണക്കിനു വിദേശ പൗരന്മാരെക്കുറിച്ചുള്ള വിവരങ്ങൾ ഏകോപിപ്പിക്കുന്നതിനായി സംവിധാനം ഒരുക്കിയിട്ടുണ്ടെന്നും നേപ്പാൾ സർക്കാർ അറിയിച്ചതായാണ് റിപ്പോർട്ടുകൾ. എന്നാൽ 2015 ലെ ഭൂകമ്പത്തിലെ രക്ഷാപ്രവർത്തനത്തിൽ സംഭവിച്ച ചില കാര്യങ്ങളാണ് നേപ്പാൾ സർക്കാരിനെ ഈ തീരുമാനത്തിലേക്കു നയിച്ചതെന്നാണു കരുതുന്നത്.നേപ്പാളിലെ മുതിർന്ന വിദേശകാര്യ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് നേപ്പാൾ മാധ്യമമായ കഠ്മണ്ഡു പോസ്റ്റ് നൽകുന്ന റിപ്പോർട്ട് അനുസരിച്ച് 2015 ഏപ്രിലിലെ ഭൂകമ്പത്തിനുശേഷമുണ്ടായ അനുഭവം വിദേശരാജ്യങ്ങളുടെ സഹായ വാഗ്ദാനം നിരസിക്കാൻ സർക്കാരിനെ പ്രേരിപ്പിച്ചു. അന്നു വിവിധ രാജ്യങ്ങളിൽനിന്നു രക്ഷാപ്രവർത്തകർ എത്തിയത് സർക്കാർ സംവിധാനങ്ങളിൽ വലിയ സമ്മർദം സൃഷ്ടിച്ചിരുന്നു. വിവിധ രാജ്യങ്ങളിൽനിന്നുള്ള സംഘങ്ങളുടെ ഏകോപനമില്ലാത്ത പ്രവർത്തനങ്ങൾ വിമാനത്താവളങ്ങൾ, ആശുപത്രികൾ, ഗതാഗത സംവിധാനങ്ങൾ, ആശയവിനിമയ ശൃംഖലകൾ എന്നിവയുടെ പ്രവർത്തനങ്ങളെ ബാധിച്ചു. ഇതൊഴിവാക്കാനാണു വിവിധ രാജ്യങ്ങളുടെ നേരിട്ടുള്ള രക്ഷാപ്രവർത്തന സഹായങ്ങൾ ഇക്കുറി നേപ്പാൾ നിരസിച്ചത്. രക്ഷാപ്രവർത്തനത്തിനു നേരിട്ട് എത്തുന്നതിനു പകരം സാമ്പത്തിക സഹായങ്ങളും അവശ്യസാധനങ്ങളും വിദേശ രാജ്യങ്ങളിൽനിന്നു സർക്കാർ സംവിധാനങ്ങളിലൂടെ സ്വീകരിക്കാനാണ് നേപ്പാളിനു ഇപ്പോൾ താൽപര്യം.
Fashion ⏭️


