NEWS
ഐസ്ക്രീം പോലെ അടരുന്ന മഞ്ഞുമലകൾ; ഹിമാലയം എന്താണ് മുന്നറിയിപ്പ് നൽകുന്നത്?

പുറത്തെടുത്ത ഐസ്ക്രീം പോലെ അടർന്നു വീഴാനുള്ള പ്രവണത കാട്ടിത്തുടങ്ങിയിരിക്കുന്നു ഹിമാലയത്തിലെ മഞ്ഞുപാളികൾ. നേപ്പാളിലെ മിന്നൽ പ്രളയം ഹിമതടാക വിസ്ഫോടനം (Glacial Lake Outburst Flood- GOLF) ആണെന്ന നിഗമനത്തിലാണു ശാസ്ത്രലോകം. മഞ്ഞുരുകലും പ്രളയവും ഭീമാകാരമായ ഹിമപാതവും ചേർന്നുള്ള അവശിഷ്ടപ്രവാഹമാണ് ഈ ഹിമാലയൻ സൂനാമിക്കു പിന്നിലെന്ന് അവർ പറയുന്നു. നേപ്പാൾ പ്രളയത്തിനു പിന്നിലെ ഹിമാലയൻ മഞ്ഞുരുക്കത്തിന്റെ പങ്ക് എത്രത്തോളം എന്നതിനെപ്പറ്റി നേപ്പാളിലെയും ചൈനയിലെയും ഗവേഷകർ അന്വേഷണം ഊർജിതമാക്കി.മഞ്ഞുമല (ഐസ് റോക്ക്) അടർന്നു വീണ് കെട്ടിക്കിടന്ന വെള്ളവും ചെളിയും സാഗരഗർജനം പോലെ പെട്ടെന്നു താഴേക്ക് ഒഴുകിവീണതാകാം ദുരന്തത്തിനു പിന്നിലെന്നാണ് കഠ്മണ്ഡു കേന്ദ്രമാക്കി ഹിന്ദുക്കുഷ്– ഹിമാലയത്തിന്റെ സംരക്ഷണത്തിനായി പ്രവർത്തിക്കുന്ന ഇന്റർനാഷനൽ സെന്റർ ഫോർ ഇന്റഗ്രേറ്റഡ് മൗണ്ടൻ ഡവലപ്മെന്റിന്റെ നിഗമനം. അര മണിക്കൂറിനുള്ളിൽ തൃശൂലി നദിയിൽ ജലനിരപ്പ് ഉയർന്നത് 9 മീറ്റർ. നേപ്പാൾ മിന്നൽ പ്രളയത്തിന്റെ കാരണങ്ങളെപ്പറ്റി നേപ്പാൾ പ്രധാനമന്ത്രിയുടെ ഓഫിസുമായും ചൈനീസ് അധികൃതരുമായും ചേർന്ന് ഐസിഐഎംഒഡി അടിയന്തര പഠനങ്ങൾക്കു തുടക്കമിട്ടു.അണക്കെട്ടുകളും ജലവൈദ്യുത നിലയങ്ങളും സ്ഥാപിക്കുന്നതിനായി ചൈനയും മറ്റും ഹിമാലയത്തിൽ നടത്തുന്ന വികസന പ്രവർത്തനങ്ങളെപ്പറ്റിയും ആശങ്ക ഏറെയുണ്ട്. ബ്രഹ്മപുത്രയിലും മറ്റും ഉണ്ടാകുന്ന മിന്നൽ പ്രളയങ്ങൾക്കു പിന്നിൽ ചില യുദ്ധതന്ത്രങ്ങളും ഒളിഞ്ഞിരിക്കുന്നു. എല്ലാ രാജ്യങ്ങളും ചേർന്നുള്ള കൂട്ടായ യത്മമില്ലെങ്കിൽ ഹിമാലയത്തിലെ മഞ്ഞുരുക്കവും ഭൂചലന സാധ്യതയും ഭാവിയിൽ കൂടുതൽ ദുരന്തങ്ങളിലേക്കു നയിക്കും എന്നും ഗവേഷകർ പറയുന്നു. കാലാവസ്ഥാ മാറ്റം ഹിമശൈലത്തിന്റെ ഘടനതന്നെ മാറ്റുകയാണെന്നും ചൂടേറ്റം മൂലം ഉരുകി ശോഷിക്കുന്ന മഞ്ഞുപാളികൾ അപകടകരമാണെന്നും ക്രയോസ്ഫിയർ വിദഗ്ധൻ മുഹമ്മദ് ഫറൂഖ് അസം പറഞ്ഞു.
Fashion ⏭️


