HEALTH
ബോറടിയിലൂടെ മനസ്സ് നൽകുന്ന സന്ദേശമെന്താകാം? വെറും സമയം കൊല്ലൽ മാത്രമാണോയിത്?

ഒരാൾക്ക് ഏറ്റവും വലിയ സന്തോഷം നൽകുന്ന കാര്യം മറ്റൊരാളെ ബോറടിപ്പിച്ചേക്കും (boredom). മണിക്കൂറുകളോളം പുസ്തകം വായിച്ചിരിക്കുന്നവരുണ്ട്. അതേസമയം അഞ്ച് മിനിറ്റ് പോലും പുസ്തകത്തിനൊപ്പം ചെലവഴിക്കാൻ കഴിയാത്തവരുമുണ്ട്. ചിലർക്ക് മഴ നോക്കിയിരുന്ന് സായാഹ്നം ആസ്വദിക്കുന്നതാകും ജീവിതത്തിലെ ഏറ്റവും മനോഹര അനുഭവം. മറ്റൊരാൾക്കത് ചിലപ്പോൾ അസഹ്യമായ വിരസതയായിത്തോന്നും. ഒരാൾക്ക് യാത്രകളാണ് മനസ്സിന്റെ വിശ്രമമെങ്കിൽ മറ്റൊരാൾക്ക് വീട്ടിലെ ഒരു മൂലയിലിരുന്ന് ഒരു കപ്പ് ചായ കുടിക്കുന്നതാകും.ഈ വ്യത്യാസങ്ങൾ വെറും ഇഷ്ടാനിഷ്ടങ്ങളുടെ ഫലമല്ല. മനുഷ്യന്റെ മസ്തിഷ്കം, ജീവിതാനുഭവങ്ങൾ, വികാരങ്ങൾ, ശീലങ്ങൾ, സാമൂഹിക സാഹചര്യങ്ങൾ എന്നിവ ചേർന്നാണ് സന്തോഷത്തെയും ബോറടിയെയുമൊക്കെ സൃഷ്ടിക്കുന്നത്.ജീവിതത്തിന്റെ തിരക്കുകളിൽ നിന്ന് മോചനം നേടി സമാധാനം ആഗ്രഹിക്കുന്ന മനുഷ്യന് അതേ സമാധാനത്തിന്റെ അനിവാര്യ ഘടകമായ നിശ്ശബ്ദതയെ പലപ്പോഴും സഹിക്കാൻ കഴിയുന്നില്ല. ഒന്നും ചെയ്യാതെ ഏതാനും നിമിഷങ്ങൾ ഇരിക്കേണ്ടി വന്നാൽ മനസ്സ് അസ്വസ്ഥമാകുന്നു; കൈകൾ അറിയാതെ ഫോണിലേക്ക് നീളുന്നു. ചിന്തകളെ അഭിമുഖീകരിക്കാനുള്ള മടിയാണ് ഇതിനു കാരണം. ഒന്നും ചെയ്യാതിരിക്കുമ്പോൾ, സമയം കളയുകയാണെന്നൊരു കുറ്റബോധം വരും. വെറുതെ, സ്വസ്ഥമായിരിക്കാൻ ശ്രമിക്കുമ്പോൾ ബോറടിക്കുന്നത് എന്തുകൊണ്ടാവാം? സമാധാനം അന്വേഷിക്കുന്ന മനുഷ്യൻ എന്തുകൊണ്ടാണ് സമാധാനത്തിൽത്തന്നെ അസ്വസ്ഥനാകുന്നത്?മനസ്സും സമാധാനവുംസമാധാനം എന്നത് ആധുനിക മനുഷ്യന്റെ നിഘണ്ടുവിൽ ഏറ്റവും കൂടുതൽ ഉപയോഗിക്കപ്പെടുന്ന പദങ്ങളിലൊന്നാണ്. ജോലി, കുടുംബം, സാമ്പത്തിക സമ്മർദ്ദം, സാമൂഹിക മത്സരങ്ങൾ, ഡിജിറ്റൽ ലോകത്തിന്റെ നിരന്തര ഇടപെടലുകൾ… എല്ലാറ്റിനുമിടയിൽനിന്ന് അല്പസമയം മാറി നിൽക്കാൻ കഴിയുന്ന അവസ്ഥയെയാണ് സമാധാനം എന്ന് വിശേഷിപ്പിക്കുന്നത്. എന്നാൽ ആ സമാധാനം തേടി എത്തുന്ന ഇടങ്ങളിൽ നിശ്ശബ്ദതയെ അഭിമുഖീകരിക്കേണ്ടി വരുമ്പോൾ മനുഷ്യൻ അസ്വസ്ഥനാകുന്നു. അതിനാൽ, പ്രശ്നം സമാധാനത്തിന്റെ അഭാവമല്ല. സമാധാനത്തെ സ്വീകരിക്കാൻ നമ്മുടെ മനസ്സ് തയ്യാറാണോ എന്നതാണ് യഥാർഥ ചോദ്യം.തലച്ചോറിലെ സംഭവങ്ങൾ
Cinema ⏭️


