NEWS
വിരുന്നിനെത്തിയ സഹോദരന്മാർ കടവിൽ കളിക്കവേ ഒഴുക്കിൽപ്പെട്ടു; ഒരാളെ കാണാതായി, തിരച്ചിൽ

കൊപ്പം∙ തൂതപ്പുഴയുടെ പൈലിപ്പുറം കടവിൽ കളിക്കാൻ ഇറങ്ങിയ സഹോദരങ്ങളായ വിദ്യാർഥികൾ ഒഴുക്കിൽപ്പെട്ടു. ഒരാളെ നാട്ടുകാർ രക്ഷപ്പെടുത്തി. സഹോദരനെ കാണാതായി. കൊടുമുണ്ട മൂർക്കാൻകുഴി അബ്ദുൽ ഹകീമിന്റെ മകൻ സഅദ് (8) യെയാണ് കാണാതായത്. സഹോദരന്മാരായ വിദ്യാർഥികൾ സഅദും സഹലും പൈലിപ്പുറത്തെ ഉമ്മയുടെ വീട്ടിലേക്ക് വിരുന്നു വന്നതായിരുന്നു. ഇന്ന് വൈകിട്ട് തൂതപ്പുഴയുടെ പൈലിപ്പുറം കാളിയാർവട്ടം കടവിൽ ഇരുവരും ഉമ്മയ്ക്കും വല്ലിമ്മയ്ക്കും ഒപ്പം കളിക്കാൻ ഇറങ്ങി.സഅദ് ഒഴുക്കിൽപ്പെട്ടു. സഅദിനെ രക്ഷിക്കാൻ ഇറങ്ങിയതാണ് സഹോദരൻ സഹൽ (13). സഹലും ഒഴുക്കിൽ പെട്ടതോടെ കടവിൽ ഉള്ളവർ ബഹളം വച്ചു. വിവരം അറിഞ്ഞെത്തിയ നാട്ടുകാർ ചേർന്ന് സഹലിനെ രക്ഷപ്പെടുത്തിയെങ്കിലും സഅദിനെ ഒഴുക്കിൽ പെട്ട് കാണാതാവുകയായിരുന്നു. പട്ടാമ്പിയിൽ നിന്നുള്ള അഗ്നിരക്ഷാ സേനയും പൈലിപ്പുറത്തെ മുങ്ങൽ വിദഗ്ദരും പൊലീസും ചേർന്ന് കാണാതായ കുട്ടിക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്.
Fashion ⏭️

