NEWS
നാല് ഇന്ത്യൻ കമ്പനികൾക്ക് യുഎസ് വിലക്ക്

വാഷിങ്ടൻ ∙ ഇറാനിൽനിന്ന് പെട്രോളിയവും പെട്രോകെമിക്കൽ ഉൽപന്നങ്ങളും ഇറക്കുമതി ചെയ്തതിന് 4 ഇന്ത്യൻ കമ്പനികൾക്കെതിരെ യുഎസ് ഉപരോധമേർപ്പെടുത്തി. ഇറാനുമായുള്ള വ്യാപാരബന്ധങ്ങൾ എല്ലാ രാജ്യങ്ങളും അവസാനിപ്പിക്കണമെന്നും ഇല്ലെങ്കിൽ ഉപരോധം നേരിടേണ്ടിവരുമെന്നും കഴിഞ്ഞദിവസം യുഎസ് ട്രഷറി സെക്രട്ടറി സ്കോട് ബെസന്റ് പ്രഖ്യാപിച്ചിരുന്നു.പോർട്ടീസ് പാർട്നേഴ്സ് എൽഎൽപി എന്ന കമ്പനിക്കും പങ്കാളികളായ ഇന്ദ്രസ്മിയ, അഷ്റഫ്മിയ ഷെയ്ഖ്, ഹരീഷ് രാമചന്ദ്ര രംഗി എന്നിവയ്ക്കുമെതിരെയാണു യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് ഉപരോധമേർപ്പെടുത്തിയത്. വേറെയും അരഡസനോളം ഇന്ത്യൻ കമ്പനികളും യുഎസ് വിലക്ക് നേരിടുന്നുണ്ട്.അതിനിടെ, പാക്കിസ്ഥാൻ മധ്യസ്ഥരായ സമാധാന ചർച്ചാനീക്കങ്ങൾ സജീവമായിട്ടുണ്ട്. ജൂണിൽ ഇറാനുമായി ഒപ്പുവച്ച ധാരണാപത്രം വീണ്ടെടുക്കാൻ യുഎസ് താൽപര്യപ്പെടുന്നുവെന്ന സന്ദേശമാണു പാക്ക് സേനാമേധാവി അസിം മുനീർ ടെഹ്റാനിലെത്തി കൈമാറിയതെന്ന് ഇറാൻ അധികൃതർ പറയുന്നു. എന്നാൽ ഇക്കാര്യത്തിൽ യുഎസ് പ്രതികരിച്ചിട്ടില്ല. ചർച്ചയിലേക്കു തിരിച്ചുവരാൻ ഇറാൻ നേതൃത്വവും തയാറായേക്കുമെന്ന സൂചനയാണ് പാക്ക് കേന്ദ്രങ്ങൾ നൽകുന്നത്. പാക്ക് സേനാമേധാവിക്കൊപ്പം പാക്ക് ആഭ്യന്തരമന്ത്രി മുഹമ്മദ് നഖ്വിയും ടെഹ്റാനിൽ ഇറാൻ ഉന്നത നേതാക്കളുമായി ചർച്ച കഴിഞ്ഞു മടങ്ങി.
Fashion ⏭️


