സഹകരണ സംഘം ഭരണസമിതി അംഗങ്ങൾക്കും ഉത്സവബത്ത

തിരുവനന്തപുരം: ചരിത്രത്തിലാദ്യമായി സഹകരണ സ്ഥാപനങ്ങളുടെ ഭരണസമിതി അംഗങ്ങൾക്ക് ഉത്സവബത്ത നൽകും. അംഗങ്ങൾക്ക് 1,000രൂപ വീതം ഉത്സവബത്തയായി നൽകാൻ അനുമതി നൽകിയുള്ള ഉത്തരവ് സഹകരണ സംഘം രജിസ്ട്രാർ പുറപ്പെടുവിച്ചു. സ്ഥാപനങ്ങളുടെ സ്വന്തം ഫണ്ടിൽ നിന്ന് ഉത്സവബത്ത നൽകാമെന്നാണ് ഉത്തരവ്. നിലവിൽ ഭരണസമിതി അംഗങ്ങൾക്ക് യോഗങ്ങളിൽ പങ്കെടുക്കുന്നതിനുള്ള സിറ്റിംഗ് ഫീസും ഔദ്യോഗിക യാത്രകൾക്കുള്ള യാത്രാബത്തയും മാത്രമാണ് അനുവദനീയമായിട്ടുള്ളത്. എന്നാൽ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളുടെ മാതൃകയിൽ സഹകരണ സംഘങ്ങളുടെ ഭരണസമിതി അംഗങ്ങൾക്കും ഉത്സവബത്ത അനുവദിക്കാവുന്നതാണെന്ന് വിലയിരുത്തിയാണ് ഉത്തരവ് പുറപ്പെടുവിച്ചത്. അതേസമയം സഹകരണ സ്ഥാപനങ്ങളിൽ സേവനമനുഷ്ഠിക്കുന്ന സ്ഥിരപ്പെടുത്തിയിട്ടുള്ളതും എന്നാൽ 6 മാസത്തിൽ താഴെ സർവീസുള്ളതുമായ ജീവനക്കാർക്ക് 3,000രൂപ ഉത്സവബത്ത അനുവദിച്ച് സഹകരണ വകുപ്പ് ഉത്തരവിറക്കി.


