NEWS
‘ഈ പാപത്തിനു ഏഴ് തലമുറ അനുഭവിക്കും’; ഇഎംഐ ആത്മഹത്യകളിൽ നിർണായകമായി യൂട്യൂബർ സംഗീതയുടെ അവസാന വിഡിയോ

മുംബൈ ∙ മഹാരാഷ്ട്രയിലെ ഛത്രപതി സംഭാജിനഗറിൽ ഒരു കുടുംബത്തിലെ മൂന്ന് പേർ മലയിടുക്കിലേക്ക് ചാടി മരിച്ച സംഭവത്തിൽ ഐഫോൺ ഇഎംഐ തർക്കമാണ് കാരണമെന്ന വാർത്തകൾ നിഷേധിച്ച് ബന്ധുക്കൾ രംഗത്ത്. പതിനെട്ടുകാരനായ കുനാൽ ചാന്ദ്ഗുഡെ വാങ്ങിയ ഐഫോണിന്റെ മാസത്തവണ അടയ്ക്കാൻ മാതാപിതാക്കൾ വിസമ്മതിച്ചതാണ് ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചതെന്ന പ്രചാരണം തികച്ചും വ്യാജമാണെന്ന് മരിച്ച സംഗീതയുടെ സഹോദരി പല്ലവി പാട്ടീൽ പറഞ്ഞു. ഇത്തരം തെറ്റായ വാർത്തകൾ കുടുംബത്തിനു വലിയ മാനസിക വിഷമമുണ്ടാക്കുന്നുണ്ടെന്നും അവർ പറഞ്ഞു. ഓഗസ്റ്റ് 21നാണ് നാടിനെ നടുക്കിയ ദുരന്തം. മലമുകളിൽ നിന്ന് ചാടുമെന്ന് ഭീഷണിപ്പെടുത്തിയ മകൻ കുനാലിനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ അച്ഛൻ മുരളീധറും മകനും 250 അടി താഴ്ചയുള്ള മലയിടുക്കിലേക്ക് വീഴുകയായിരുന്നു. ഇതിന് പിന്നാലെ ഭയന്നുപോയ അമ്മ സംഗീതയും ക്ലിഫിൽ നിന്ന് താഴേക്ക് ചാടി. മരണത്തിനു പിന്നിൽ ഐഫോൺ തർക്കമല്ല, മറിച്ച് കുടുംബ പ്രശ്നങ്ങളാണെന്നാണ് സൂചന. ട്രക്ക് ഡ്രൈവറായ മുരളീധറും വീട്ടമ്മയായ സംഗീതയും ആറ് വർഷം മുൻപ് മൂത്ത മകൻ രോഗം ബാധിച്ച് മരിച്ചതിനു ശേഷം കടുത്ത മാനസിക അസ്വാരസ്യങ്ങളിലായിരുന്നു. ഇരുവരും കുറച്ചുകാലം വേർപിരിഞ്ഞാണ് താമസിച്ചിരുന്നത്. മാസങ്ങളോളം വീട്ടിൽ വരാതിരുന്ന മുരളീധർ, സംഭവത്തിനു രണ്ട് ദിവസം മുൻപാണ് വീട്ടിൽ തിരിച്ചെത്തിയത്. ഇതേത്തുടർന്ന് വീട്ടിൽ വലിയ വഴക്കുകൾ നടന്നിരുന്നതായി പൊലീസ് പറയുന്നു.
Fashion ⏭️


