NEWS

സ്ത്രീകളെ വരിഞ്ഞ് ഗാർഹിക പീഡനം 6 വർഷം, 92 മരണം 28,141 കേസ്

തിരുവനന്തപുരം: സ്ത്രീകൾക്കെതിരായ ഗാർഹിക പീഡനത്തിൽ ആറു വർഷത്തിനിടെ സംസ്ഥാനത്തെടുത്തത് 28,141കേസുകൾ. ഭർത്താവിന്റെയും ബന്ധുക്കളുടെയും ക്രൂരതകളാണിത്. ലൈംഗിക അതിക്രമക്കേസുകളുമുണ്ട് കൂ‌ട്ടത്തിൽ. ഗാർഹിക പീഡനത്തിൽ ഏഴ് വർഷത്തിനിടെ 92സ്ത്രീകളാണ്‌ മരിച്ചത്‌. സ്ത്രീധനപീഡനത്തെ തുടർന്ന് ആറുവർഷത്തിനിടെ 44 പേരും ജീവനൊടുക്കി.

പീഡനവും തട്ടിക്കൊണ്ടുപോകലുമടക്കം ആറുവർഷത്തിനിടെ സ്ത്രീകൾക്കെതിരായ അതിക്രമക്കേസുകൾ 1,14,617. ഗാർഹികപീഡന നിരോധനനിയമപ്രകാരം രാജ്യത്ത് കൂടുതൽ കേസുകളുള്ളതും കേരളത്തിലാണ്. സാമ്പത്തിക പ്രശ്നങ്ങൾ, മൊബൈൽ ഫോൺ ഉപയോഗം, വിശ്വാസമില്ലായ്മ, ലഹരി ഉപയോഗം, വിവാഹേതര ബന്ധങ്ങൾ എന്നിവയും ഗാർഹികപീഡനത്തിന്റെ മുഖ്യകാരണങ്ങളാണ്. ഇത്തരം ക്രൂരത നേരിടുന്ന സ്ത്രീകൾക്ക് കൈത്താങ്ങാകുകയാണ് ഐ.ജി അജീതാബീഗത്തിന്റെ നേതൃത്വത്തിലുള്ള ‘സ്പീക്ക്-അപ്പ്’ ദൗത്യസംഘം.

ഗാർഹികപീഡന പരാതികളിൽ ഒത്തുതീർപ്പിനാവും പൊലീസ് ആദ്യം ശ്രമിക്കുക. എന്നാൽ നിയമം നടപ്പാക്കാൻ പൊലീസിനോട് നിർദ്ദേശിക്കണമെന്ന് വനിതാകമ്മിഷൻ സർക്കാരിന് ശുപാർശ നൽകിയിരുന്നു. ഇതേത്തുടർന്ന് ഇരകൾക്ക് സംരക്ഷണമടക്കമുള്ള കോടതി ഉത്തരവുകൾ ഉടൻ നടപ്പാക്കണമെന്ന് ഡി.ജി.പി നിർദ്ദേശംനൽകി. ലംഘിക്കുന്നവർക്കെതിരേ കേസെടുക്കണം. ഇരകൾക്ക് പ്രൊട്ടക്ഷൻ ഓർഡർ, റെസിഡൻസ് ഓർഡർ, മോണിറ്ററി റിലീഫ്, കസ്റ്റഡി ഓർഡർ എന്നിവ ലഭ്യമാക്കണമെന്നും ഡി.ജി.പി നിർദ്ദേശിച്ചു. പരാതിക്കാർക്ക് സൗജന്യ നിയമസഹായത്തിനും അവകാശമുണ്ട്.

ജോലിക്ക് വിടാത്തതും കേസ്

 ഭാര്യയ്ക്കും കുട്ടികൾക്കും ചെലവിന് നൽകാത്തതും ഭാര്യയുടെ ശമ്പളമോ വരുമാനമോ അനുവാദമില്ലാതെ എടുത്താലും കേസാവും.

 വീട്ടുവാടക കൊടുക്കാത്തതും സാധനങ്ങൾ ഉപയോഗിക്കുന്നത് വിലക്കുന്നതും കുറ്റമാണ്.

 ആരോഗ്യത്തിനും വ്യക്തിത്വ വികസനത്തിനും തടസമാകുന്ന ഏതു ശാരീരിക പീഡനവും കേസാവും.

 അപമാനിക്കലടക്കം ഉദ്ദേശിച്ചുള്ള ലൈംഗിക സ്വഭാവമുള്ള പ്രവർകളിലും കേസെടുക്കാം.

 സ്ത്രീധനത്തിന്റെ പേരിലോ, പെൺകുട്ടിയെ പ്രസവിച്ചതിനോ വാക്കുകൊണ്ട് അപമാനിക്കുന്നതും ജോലിക്ക് പോവുന്നത് തടയുന്നതുമെല്ലാം കുറ്റകരമാണ്.

 ഒരു സ്ത്രീയെ ഉപദ്രവിക്കുന്നത് മറ്റൊരു സ്ത്രീയാണെങ്കിലും ശിക്ഷിക്കാം.

വാട്സ്ആപ്പിലൂടെയും പരാതി

1.വാട്സ്ആപ്പ്, മൊബൈൽ ആപ്പ്, ഹെല്പ്ലൈൻ എന്നിവയിലൂടെ പരാതികൾ വേഗത്തിൽ രജിസ്റ്റർ ചെയ്യാൻ ‘സ്പീക്ക്-അപ്പിന് കഴിയും

2. പരാതിക്കാരുടെ വിവരം രഹസ്യമായിരിക്കും. ഓരോ കേസിനും പ്രത്യേകം ഉദ്യോഗസ്ഥർ. കൗൺസലിംഗിനടക്കം പിന്തുണ.

3. തദ്ദേശസ്ഥാപനങ്ങളുടെ സഹകരണത്തോടെ ഷെൽട്ടർഹോമുകളും തൊഴിൽ പരിശീലന കേന്ദ്രങ്ങളും ഒരുക്കും

ഗാർഹികപീഡനക്കേസുകൾ

 2020…………………….2707

 2021…………………….4997

 2022…………………….4998

 2023…………………….4710

 2024…………………….4515

 2025…………………….3986

 2026…………………….2228 (ആഗസ്റ്റ്‌ വരെ)

‘പലർക്കും നിയമസഹായത്തെക്കുറിച്ചും പരാതിനൽകേണ്ടതിനെക്കുറിച്ചും അറിയില്ല. ഒന്നു ഫോൺവിളിച്ചാൽ ഉടൻ ഇടപെടും”.

– ഐ.ജി അജീതാബീഗം

 ഹെൽപ്പ്‌ലൈൻ നമ്പർ-1091

 അപരാജിത ഹെൽപ്പ്‌ലൈൻ-9497996992

 വാട്സ്ആപ്പ്-9497999955 (ശബ്ദസന്ദേശമോ മെസേജോ അയച്ചാലും സഹായം ലഭിക്കും)

Read News ⏭️

Back to top button