NEWS

ഓണമായിട്ടും ഒന്നുമാകാതെ തക്കാളി വില; 14 കിലോ തൂക്കമുള്ള ഒരു പെട്ടി തക്കാളിക്ക് 100–150 രൂപ വരെ


ചിറ്റൂർ ∙ വിളവെടുപ്പ് ആരംഭിച്ചയുടൻ തന്നെ കൂപ്പുകുത്തി തക്കാളി വില. ഓണക്കാലത്ത് തക്കാളി വില കുറഞ്ഞതോടെ ആധിയിലാണു കർഷകർ. തമിഴ്നാട്ടിൽ നിന്ന് ഉൾപ്പെടെ വ്യാപകമായി തക്കാളി എത്തിയതാണ് കേരളത്തിലെ കർഷകർക്കു തിരിച്ചടിയായത്. ജില്ലയിലെ പ്രധാന പച്ചക്കറി ലേല മാർക്കറ്റായ വേലന്താവളത്ത് മൂന്നാഴ്ച മുൻപ് 14 കിലോ തൂക്കമുള്ള ഒരു പെട്ടി തക്കാളിക്ക് 800 രൂപയായിരുന്നു. ഇന്നലെ ഇത് 100 മുതൽ 150 രൂപ വരെയായി. ഏറ്റവും മികച്ച ഇനത്തിനാണ് 150 രൂപ ലഭിച്ചത്. രണ്ട്, മൂന്ന് ഗ്രേഡുകൾക്കു വില ഇതിലും വളരെ കുറവായിരുന്നു.ഒരു പെട്ടി തക്കാളി പറിക്കാൻ തന്നെ 20 രൂപ ചെലവാകും. വിപണിയിലെത്തിക്കാനും ചുരുങ്ങിയത് 20 രൂപ വേണം. ലേലത്തിനു വച്ച് വിൽപന നടത്തിയാൽ ലഭിച്ച തുകയുടെ 10 ശതമാനം കമ്മിഷനും നൽകണം. അതേസമയം, കർഷകർക്ക് ആറോ ഏഴോ രൂപ മാത്രം ലഭിക്കുമ്പോൾ വിപണിയിൽ 20– 25 രൂപയാണ് ഒരു കിലോ തക്കാളിയുടെ വില. കാലാവസ്ഥാ വ്യതിയാനവും മഴ വൈകിയതും കാരണം പാലക്കാട്ടെ അതിർത്തി പ്രദേശങ്ങളിൽ ഇത്തവണ തക്കാളിക്കൃഷി കുറവാണ്. കൃഷിയിറക്കാൻ വൈകിയതിനാൽ വിളവെടുപ്പും വൈകി. ഓണത്തിനു തന്നെ വില കുറഞ്ഞ സാഹചര്യത്തിൽ ഇനിയുള്ള ദിവസങ്ങളിൽ വീണ്ടും വില കുറയുമെന്നാണ് ആശങ്ക. കോലാർ, ചിന്താമണി, രായക്കോട്ട, ഒട്ടൻഛത്രം, മേച്ചേരി, ഹൊസൂർ, മൈസൂരു, ഉദുമൽപേട്ട തുടങ്ങിയ ഭാഗങ്ങളിൽ നിന്നാണു വൻതോതിൽ തക്കാളിയെത്തുന്നത്.


Fashion ⏭️

Back to top button