BUSINESS
തൃശൂർ സ്വദേശിയുടെ വിമാനക്കമ്പനിക്ക് തിരുപ്പതിയിലേക്കും സർവീസ്; മൊത്തം പറക്കുന്നത് 13 നഗരങ്ങളിലേക്ക്, കേരളത്തിലും ഒരിടത്ത്

മലയാളി ഉടമസ്ഥതയിലുള്ള ‘ഫ്ലൈ91’ വിമാനക്കമ്പനി തിരുപ്പതിയിലേക്കും സർവീസ് തുടങ്ങുന്നു. ബുക്കിങ് സ്വന്തം വെബ്സൈറ്റ് വഴിയും ട്രാവൽ ഏജൻസി നെറ്റ്വർക്ക് വഴിയും ആരംഭിച്ചു. ഇതോടെ ആന്ധ്ര-തെലങ്കാന മേഖലയിൽ 4 നഗരങ്ങളെ ബന്ധിപ്പിച്ചുള്ള സർവീസ് കമ്പനിക്കുണ്ടാകും.ഇന്ത്യയിലെ ഏറ്റവും വലിയ തീർഥാടന നഗരങ്ങളിലൊന്നാണ് തിരുപ്പതി. തിരുമല ശ്രീ വേങ്കടേശ്വര സ്വാമി ക്ഷേത്രം ഓരോ മാസവും ലക്ഷക്കണക്കിന് ഭക്തരെയാണ് വരവേൽക്കുന്നത്. വിദ്യാഭ്യാസം, വാണിജ്യം, സാംസ്കാരിക മേഖലകളിലും തിരുപ്പതിക്ക് ശ്രദ്ധേയസ്ഥാനമുണ്ട്. ഹൈദരാബാദ്, വിജയവാഡ, രാജമുണ്ഡ്രി എന്നിവയാണ് ആന്ധ്ര-തെലങ്കാന മേഖലയിൽ ഫ്ലൈ91ന് സർവീസുള്ള മറ്റ് നഗരങ്ങൾ. ഹൈദരാബാദിനും തിരുപ്പതിക്കും ഇടയിൽ പ്രതിദിനം സർവീസുണ്ടാകും. ചൊവ്വ, വ്യാഴം, ശനി, ഞായർ ദിവസങ്ങളിലായിരിക്കും തിരുപ്പതി-വിജയവാഡ നഗരങ്ങളെ ബന്ധിപ്പിച്ചുള്ള സർവീസ്. തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ രാജമുണ്ഡ്രി-തിരുപ്പതി സർവീസുകളുമുണ്ടാകും. ഗോവ മോപയിലെ മനോഹർലാൽ ഇന്റർനാഷനൽ എയർപോർട്ട് കേന്ദ്രീകരിച്ചാണ് ഫ്ലൈ91 പ്രവർത്തിക്കുന്നത്.ഗോവ, പൂനെ, ബെംഗളൂരു, ഹൈദരാബാദ്, സിന്ധുദുർഗ്, ജൽഗാവ്, ശോലാപ്പുർ, ലക്ഷദ്വീപ് (അഗത്തി), തിരുപ്പതി, വിജയവാഡ, രാജമുണ്ഡ്രി, ഹുബ്ബള്ളി എന്നിവിടങ്ങളിലും കേരളത്തിൽ കൊച്ചിയിലുമാണ് സർവീസ് സാന്നിധ്യം.കണ്ണൂരിലേക്കും വൈകാതെ സർവീസ് തുടങ്ങാനുള്ള പ്ലാനുണ്ട്. തൃശൂർ സ്വദേശി മനോജ് ചാക്കോയാണ് ഫ്ലൈ91ന്റെ എംഡിയും സിഇഒയും. നിലവിൽ മലയാളി ഉടമസ്ഥതയിലുള്ള ഏക ഇന്ത്യൻ വിമാനക്കമ്പനിയാണിത്. കുന്നംകുളത്ത് കുടുംബവേരുകളുള്ള മനോജ് ചാക്കോ നയിക്കുന്ന ഫ്ലൈ91 വിമാനക്കമ്പനി 2024ലാണ് ഗോവ കേന്ദ്രമായി സർവീസ് ആരംഭിച്ചത്. രാജ്യത്തെ ചെറുനഗരങ്ങളിലെ തമ്മിൽ ബന്ധിപ്പിച്ചുള്ള റീജണൽ സർവീസുകളാണ് പ്രാദേശിക എയർലൈനായ ഫ്ലൈ91നുള്ളത്. 72 പേരെ വഹിക്കാവുന്ന എടിആർ 72–600 മോഡൽ വിമാനങ്ങളാണ് ‘ഫ്ലൈ91’ ഉപയോഗിക്കുന്നത്. ഇന്ത്യയുടെ ടെലിഫോൺ കോഡ് ആയ 91 സൂചിപ്പിച്ചാണു കമ്പനിക്കു പേരിട്ടിരിക്കുന്നത്. കിങ്ഫിഷർ എയർലൈൻസിന്റെ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റായിരുന്ന മനോജിന് വ്യോമയാന മേഖലയിൽ വർഷങ്ങളുടെ അനുഭവ പരിചയമുണ്ട്.
Travel ⏭️


