SPORTS

റെഡ് ബോളിൽ ഇനിയും ‘വൈഭവം’ വേണം; അരങ്ങേറ്റത്തിൽ തിളങ്ങാനാകാതെ 15കാരൻ സൂര്യവംശി


ബെംഗളൂരു ∙ റെഡ് ബോൾ ക്രിക്കറ്റിലേക്കുള്ള തിരിച്ചുവരവിൽ തിളങ്ങാനാകാതെ കൗമാരതാരം വൈഭവ് സൂര്യവംശി. ദുലീപ് ട്രോഫി അരങ്ങേറ്റ മത്സരത്തിൽ നോർത്ത് ഈസ്റ്റ് സോണിനെതിരെ നടക്കുന്ന ക്വാർട്ടർ ഫൈനലിൽ ഈസ്റ്റ് സോണിനായി ആദ്യ ഇന്നിങ്സിൽ ബാറ്റിങ്ങിന് ഇറങ്ങിയ വൈഭവ്, എട്ടു റൺസെടുത്ത് പുറത്തായി. ഓപ്പണറായി ഇറങ്ങിയ വൈഭവ് രണ്ടാം ഓവറിൽ ബിശ്വജിത് കൊന്തൗജത്തിനെതിരെ തുടർച്ചയായ രണ്ട് ഫോറുകൾ അടിച്ച് നന്നായി തുടങ്ങിയെങ്കിലും ഓവറിലെ അവസാന പന്തിൽ ബിശ്വജിത്തിന് തന്നെ വിക്കറ്റ് സമ്മാനിച്ച് പതിനഞ്ചുകാരൻ മടങ്ങി. ഇഷാൻ കിഷൻ നയിക്കുന്ന ഈസ്റ്റ് സോൺ ടീമിന്റെ വൈസ് ക്യാപ്റ്റനാണ് വൈഭവ്. ഒരുകാലത്ത് ഇന്ത്യൻ ടീമിൽ ഇടം നേടാൻ ആഗ്രഹിക്കുന്നവർക്ക് ഏറ്റവും പ്രധാനപ്പെട്ട ടൂർണമെന്റായിരുന്ന ദുലീപ് ട്രോഫി. നിലവിൽ ടൂർണമെന്റിന് വലിയ പ്രാധാന്യമില്ലെങ്കിലും രാജ്യാന്തര താരങ്ങൾക്ക് ആഭ്യന്തര ക്രിക്കറ്റിൽ കളിക്കാൻ ഇതൊരു അവസരമാണ്. ഏതാനും വർഷങ്ങൾക്ക് മുൻപ്, സോൺ അടിസ്ഥാനത്തിലുള്ള രീതി ബിസിസിഐ നിർത്തലാക്കുകയും, ഭാവിയിൽ ഉയർന്ന തലത്തിൽ കളിക്കാൻ സാധ്യതയുള്ളവരെ മാത്രം ദേശീയ സെലക്ടർമാർ നേരിട്ട് തിരഞ്ഞെടുത്ത് ഇന്ത്യ റെഡ്, ബ്ലൂ, ഗ്രീൻ എന്നീ ടീമുകളാക്കി മാറ്റുകയും ചെയ്തിരുന്നു. എന്നാൽ 2025-2026 സീസൺ മുതൽ ഈ രീതി മാറ്റുകയും, ദുലീപ് ട്രോഫി വീണ്ടും പഴയ ഫോർമാറ്റിലേക്ക് കൊണ്ടുവരികയും ചെയ്തു.


Auto ⏭️

Back to top button