NEWS
പരീക്ഷയുടെ തലേന്നും ആഷിഖിനെ കാണാതായി; കണ്ടെത്തിയത് 12 ദിവസത്തിനുശേഷം: മരണം വിഷവാതകം ശ്വസിച്ച്

തിരുവനന്തപുരം∙ കല്ലമ്പലത്ത് ദേശീയപാതയില്‍ നിര്‍ത്തിയിട്ടിരുന്ന കാറിനുള്ളില്‍ ജീവനൊടുക്കിയ എംബിബിഎസ് വിദ്യാര്‍ഥി വീട്ടില്‍നിന്നു പോയത് ചൊവ്വാഴ്ച വൈകിട്ട് 4 മണിയോടെ. കിളിമാനൂരിലെ വീട്ടില്‍നിന്ന് പള്ളിക്കലും തുടര്‍ന്ന് കല്ലമ്പലത്തും പോകുന്നുവെന്ന് വീട്ടുകാരോട് പറഞ്ഞ് കാറുമായി പുറപ്പെട്ടതാണ് ആഷിഖ്. പറഞ്ഞ സമയത്ത് വീട്ടില്‍ തിരിച്ചെത്തിയില്ല. ഫോണിലും കിട്ടിയില്ല. തുടര്‍ന്ന് പിതാവ് സുഹൃത്തിനൊപ്പം അന്വേഷിച്ചു. കല്ലമ്പലം പൊലീസിന്റെ സഹായത്തോടെ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് ദേശീയപാതയില്‍ കൊല്ലം റോഡില്‍ നിര്‍മാണം നടക്കുന്ന വീതിയേറിയ റോഡിന്റെ വശത്ത് കാര്‍ കണ്ടെത്തിയത്. കാറിനുള്ളില്‍ സീറ്റ് നിവര്‍ത്തി ചാരി കിടക്കുന്ന നിലയിലായിരുന്നു ആഷിഖ്. ഉടന്‍ പാരിപ്പള്ളി മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കാറിനുള്ളില്‍ ചാര്‍ക്കോള്‍ കത്തിച്ച് വിഷവാതകം ശ്വസിച്ചാണ് മരണം സംഭവിച്ചതെന്ന് ഡോക്ടര്‍ അറിയിച്ചതായി പൊലീസ് പറഞ്ഞു.മടവൂര്‍ സീമന്തപുരം സിംപിള്‍ ഹൗസില്‍ റിട്ട.ഡപ്യൂട്ടി തഹസില്‍ദാര്‍ അന്‍സാര്‍ സീന (അധ്യാപിക, ഇളംബ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍) ദമ്പതികളുടെ മകനായ എ.ആഷിഖ്(25) ആലപ്പുഴ മെഡിക്കല്‍ കോളജിലെ അവസാന വര്‍ഷ എംബിബിഎസ് വിദ്യാര്‍ഥിയാണ്. ആഷിഖ് പഠനസംബന്ധമായ സമ്മര്‍ദത്തിലായിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു. കോളജില്‍ പ്രാക്ടിക്കല്‍ പരീക്ഷയുടെ തലേദിവസം ഓഗസ്റ്റ് 9ന് ആഷിഖിനെ കാണാതായിരുന്നു. തുടര്‍ന്ന് 12 ദിവസത്തിനുശേഷം ഗോവയില്‍നിന്നാണ് കണ്ടെത്തിയത്. ഇതിനുശേഷം കൗണ്‍സലിങ് നല്‍കിയിരുന്നു. ആഷിഖിന്റെ സംസ്‌കാരം നടത്തി. അജിനയാണു സഹോദരി.
Fashion ⏭️




