NEWS
പച്ചത്തടിയിലൊരു വീരചരിതം; ചമ്പക്കുളത്ത് വരവറിയിച്ചു, പുന്നമടയിലും കന്നിയങ്കത്തിൽ കപ്പ് തൂക്കി ടീം അരോമ

ആലപ്പുഴ∙ ആദ്യ സീസണിൽ തന്നെ അദ്ഭുതം സൃഷ്ടിക്കുമെന്ന് പ്രഖ്യാപിച്ചെത്തിയ വള്ളവും ബോട്ട് ക്ലബും പുന്നമടയിലെ കായൽപരപ്പിൽ കോറിയിട്ടത് ചരിത്രത്തിലേക്കൊരു വീരകാവ്യം. തുടക്കത്തിൽ പിന്നിട്ടു നിന്ന ശേഷം 12 മില്ലി സെക്കൻഡുകളുടെ വ്യത്യാസത്തിലാണ് നെഹ്റു ട്രോഫിയുടെ ചരിത്രത്തിലെ ഇളമുറക്കാരനായി അരോമ കിരീടം ചൂടിയത്. ഇതോടെ 16 വർഷത്തെ ഇവവേളയ്ക്കു ശേഷം നെഹ്റു ട്രോഫി കിരീടം വീണ്ടും കൊല്ലം ജില്ലയിലേക്ക്. 2009ൽ ചമ്പക്കുളം ചുണ്ടനിലേറി ജീസസ് ബോട്ട് ക്ലബാണ് നെഹ്റു ട്രോഫി കിരീടം അവസാനമായി കൊല്ലത്ത് എത്തിച്ചത്.വള്ളംകളി സീസണിലെ ആദ്യ മത്സരമായിരുന്ന ചമ്പക്കുളം മൂലം വള്ളംകളിയിൽ ഒന്നാമതെത്തി മികച്ച തുടക്കം കുറിച്ചാണ് പുതിയ ചുണ്ടനും ബോട്ട് ക്ലബ്ബുമായ അരോമ നെഹ്റു ട്രോഫിക്കെത്തിയത്. അരോമ ബിസിനസ് ഗ്രൂപ്പിന്റെ നേതൃത്വത്തിൽ ഒരുങ്ങിയ അരോമ ചുണ്ടൻ നീരണഞ്ഞത് ഈ വർഷമാണ്. കൊല്ലം സ്വദേശിയായ അരോമ ഗ്രൂപ്പ് ചെയർമാൻ പി.കെ.സജീവാണ് അരോമ ക്ലബ്ബിന്റെ പ്രസിഡന്റ്. സജീഷ് കുറുപ്പ് (സെക്ര), അനീഷ് ജേക്കബ് (ട്രഷ) എന്നിവരാണ് നേതൃത്വം നൽകുന്ന മറ്റുള്ളവർ. കഴിഞ്ഞവർഷം കാരിച്ചാൽ ചുണ്ടന്റെ ക്യാപ്റ്റനായിരുന്ന പി.കെ.സജീവിന്റെ മകനും സിനിമ നടനുമായ രഞ്ജിത്ത് സജീവിനും കുടുംബത്തിനും വള്ളംകളിയോട് താൽപര്യമുണ്ടായതോടെ കൊല്ലം പരവൂർ കേന്ദ്രീകരിച്ച് സ്വന്തമായി ചുണ്ടനും ക്ലബ്ബും സജ്ജീകരിക്കുകയായിരുന്നു.
Fashion ⏭️


