NEWS

‘എല്ലാ അംഗീകാരങ്ങളും ലൈസൻസുകളും ഉണ്ട്’; വീണയുടെ ‘ലേക്കർ ഇന്ത്യ കോർപ്’ കടലാസ് കമ്പനിയല്ലെന്ന് പാർ‌ട്ണർ‌


കോഴിക്കോട് ∙ ടി.വീണയുടെ ഉടമസ്ഥതയിലുള്ള കോഴിക്കോട് പന്തീരാങ്കാവിലെ ‘ലേക്കർ ഇന്ത്യ കോർപ്’ എന്ന സ്ഥാപനം കടലാസ് കമ്പനിയാണെന്ന രീതിയിൽ വിപുലമായ പ്രചാരണമാണ് നടക്കുന്നതെന്നും ഇത് വസ്തുതാപരമല്ലെന്നും കമ്പനിയുടെ പാർട്നർമാരിൽ ഒരാളായ ഡോ.അനീസ് അറയ്ക്കൽ. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ നിയമപരമായ എല്ലാ നിർദേശങ്ങളും പാലിച്ചാണ് കമ്പനി തുടങ്ങിയതെന്ന് അനീസ് വാർത്താക്കുറിപ്പിൽ അറിയിച്ചു.ജിഎസ്ടി റജിസ്ട്രേഷൻ, എംഎസ്എംഇ / ഉദ്യം റജിസ്ട്രേഷൻ, ഭാവിയിലെ ഉൽപന്ന വിപുലീകരണത്തിന്റെ ഭാഗമായി എടുത്ത ഹോൾസെയിൽ ഫാർമസി ലൈസൻസ് തുടങ്ങി നിയമപരമായ എല്ലാ അംഗീകാരങ്ങളും ലൈസൻസുകളും പ്രാബല്യത്തിലുണ്ട്. ഓഫിസിനായി ഒളവണ്ണ ഗ്രാമ പഞ്ചായത്തിൽ ലൈസൻസിനായി അപേക്ഷ നൽകിയിരുന്നു. എന്നാൽ, സാങ്കേതികവും രേഖകളുടെ ഫോർമാറ്റുമായി ബന്ധപ്പെട്ട ചില തിരുത്തലുകൾ നിർദേശിച്ച് പഞ്ചായത്ത് അപേക്ഷ തിരികെ നൽകുകയായിരുന്നു. പഞ്ചായത്ത് അധികൃതരുടെ നിർദേശങ്ങൾ പൂർണമായും പാലിച്ച് ആവശ്യമായ തിരുത്തലുകൾ വരുത്തി അപേക്ഷ വീണ്ടും സമർപ്പിക്കാനും മറ്റ് നടപടിക്രമങ്ങൾ വേഗത്തിൽ പൂർത്തിയാക്കുന്നതിനും ഉള്ള നടപടികൾ നടന്നുവരികയാണ്.


Fashion ⏭️

Back to top button