NEWS
അധികാരത്തിലെത്തിച്ചത് വെല്ലുവിളി ഏറ്റെടുത്ത്; ‘അര പിണറായി’ എന്നു വിളിക്കാം: മുഖ്യമന്ത്രി

കൊച്ചി ∙ ഗ്രൂപ്പുണ്ടാക്കാൻ പോയിരുന്നെങ്കിൽ തനിക്ക് ഗ്രൂപ്പുണ്ടാകുമായിരുന്നെന്നും പക്ഷേ കോൺഗ്രസ് അധികാരത്തിൽ വരില്ലായിരുന്നെന്നും മുഖ്യമന്ത്രി വി.ഡി.സതീശൻ. മനോരമ ന്യൂസ് കോൺക്ലേവിൽ മനോരമ ന്യൂസ് ചാനലിന്റെ ന്യൂസ് ഡയറക്ടർ ജോണി ലൂക്കോസുമായി സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ഗ്രൂപ്പ് ഉണ്ടാക്കാൻ ശ്രമിച്ചിരുന്നെങ്കിൽ 75% സമയവും ഗ്രൂപ്പിനായി ചെലവഴിക്കേണ്ടി വന്നേനെ. ഗ്രൂപ്പില്ലാത്തതിനാൽ യുഡിഎഫിനെ അധികാരത്തിലെത്തിക്കാൻ നൂറു ശതമാനം സമയവും ചെലവഴിക്കാനായി. കേരളത്തെ സമഗ്രമായി മാറ്റാൻ ചിലപ്പോൾ ഒരു കമ്പനിയിലെ സിഇഒയെപ്പോലെ പ്രവർത്തിക്കേണ്ടിവരും. പെൻഷൻ പ്രായം ഭാവിയിൽ എപ്പോഴെങ്കിലും കൂട്ടേണ്ടിവരുമെന്ന മുന്നറിയിപ്പും മുഖ്യമന്ത്രി നൽകി. ശരീരഭാഷയെക്കുറിച്ചുള്ള ചോദ്യത്തിന്, അത് ഓരോരുത്തർക്കും വ്യത്യസ്തമാണെന്നും താൻ ഉമ്മൻചാണ്ടിയെ അനുകരിച്ചാൽ എങ്ങനെ ഇരിക്കുമെന്നും മുഖ്യമന്ത്രി ചോദിച്ചു.∙ മന്ത്രിസഭ 100 ദിവസത്തോട് അടുക്കുന്നു. വിവാദങ്ങൾ ഭരണത്തെ ബാധിച്ചോ? ജനങ്ങൾക്കു നൽകിയ വാഗ്ദാനങ്ങൾ പാലിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ആറു മാസത്തിനകം അത് അറിയാൻ കഴിയും. വിവാദം ഒഴിഞ്ഞ നാളുണ്ടാകില്ല. അതിന്റെ പുറകേ പോകാൻ സമയവുമില്ല. തീരുമാനമെടുത്താൽ എന്ത് എതിർപ്പ് ഉണ്ടായാലും നടപ്പിലാക്കും.∙ ഭരണരംഗത്ത് ടീം യുഡിഎഫിന്റെ സാന്നിധ്യം കാണുന്നില്ല. മുഖ്യമന്ത്രിയെ മാത്രം കാണുന്നു? തെറ്റായ നിരീക്ഷണമാണ്. മന്ത്രിമാരും സെക്രട്ടറിമാരുമായി ടീമായി ചർച്ച ചെയ്താണ് നൂറു ദിന പരിപാടി ആലോചിച്ചത്. എല്ലാ ദിവസവും ചർച്ച നടന്നു. ഓണത്തിന് സപ്ലൈകോയിലൂടെ 13 അവശ്യ സാധനങ്ങൾ കൊടുക്കാൻ തയാറായിരിക്കണമെന്ന് ഭക്ഷ്യവകുപ്പിനോടു പറഞ്ഞു. മുൻ സർക്കാർ അത് കൊടുത്തിരുന്നില്ല. ധനപ്രതിസന്ധിയുണ്ടെങ്കിലും എല്ലാം വകുപ്പിനും പണം കൊടുത്തു. എല്ലാ വകുപ്പുകളുമായും ചർച്ച നടത്തുന്നുണ്ട്. ആളുകൾ പണം ചെലവാക്കുമ്പോൾ അതിന്റെ ജിഎസ്ടി സർക്കാരിലേക്കെത്തും.
Fashion ⏭️


