ഒരുകുലയിൽനിന്ന് കിട്ടുന്നത് അഞ്ചുകിലോ, കേരളത്തിൽ നന്നായി വളരും; ഇനി നമുക്കും മുന്തിരി കൃഷിചെയ്യാം

കംബോഡിയൻ വൈൽഡ് ഗ്രേപ്പ്
പള്ളുരുത്തി: കംബോഡിയൻ വൈൽഡ് ഗ്രേപ്പ് എന്ന മുന്തിരിയിനം കൊച്ചിയിൽ ശ്രദ്ധേയമാകുന്നു. കംബോഡിയയും തെക്കുകിഴക്കൻ ഏഷ്യയും സ്വദേശമായുള്ള ഈ അപൂർവ്വ മുന്തിരി കേരളത്തിലെ ഉഷ്ണമേഖലാ കാലാവസ്ഥയിൽ എളുപ്പത്തിൽ വളർത്താൻ കഴിയുന്നവയാണ്. കേരളത്തിലെ വീട്ടുവളപ്പുകളിലും മട്ടുപ്പാവുകളിലും ഈ ഇനം ഇപ്പോൾ ജനപ്രിയമായി വരികയാണ്.
ഒരു കുലയിൽ തന്നെ മൂന്ന് മുതൽ അഞ്ച് കിലോഗ്രാം വരെ കായ്കൾ ഉണ്ടാകുമെന്നതാണ് ഇതിന്റെ പ്രത്യേകത. കേരളത്തിലെ ചൂടും ഈർപ്പവുമുള്ള കാലാവസ്ഥയുമായി നന്നായി ഇണങ്ങുന്ന ഇവ സാധാരണ മുന്തിരിയേക്കാൾ എളുപ്പത്തിൽ വളർത്താം. നന്നായി പടർന്നു പന്തലിക്കുന്ന വള്ളിച്ചെടിയായതിനാൽ ചട്ടിയിലോ തോട്ടത്തിലോ പന്തലൊരുക്കി വളർത്താവുന്നതാണ്. നട്ട് ചുരുങ്ങിയ മാസങ്ങൾക്കുള്ളിൽ തന്നെ പൂക്കുകയും വലിയ തോതിൽ വിളവ് നൽകുകയും ചെയ്യും.
ഇടക്കൊച്ചി മുൻ കൗൺസിലർ അഭിലാഷ് തോപ്പിലിന്റെ വീടിന്റെ മട്ടുപ്പാവിലാണ് ഈ മുന്തിരിക്കൃഷി നടക്കുന്നത്. കാഴ്ചയിൽ അങ്കുർ മുന്തിരിക്ക് സമാനമായ ഇവയ്ക്ക് ആദ്യം പുളി അനുഭവപ്പെടുമെങ്കിലും മൂത്തു കഴിഞ്ഞാൽ നല്ല മധുരമാണ്. പള്ളുരുത്തിയിലെ ഗാർഡനിൽ നിന്നാണ് 500 രൂപയ്ക്ക് അഭിലാഷ് തൈ വാങ്ങിയത്. കഴിഞ്ഞ മൂന്ന് വർഷമായി മട്ടുപ്പാവ് കൃഷിയിൽ സജീവമായ അദ്ദേഹം മുന്തിരിക്ക് പുറമെ ഓറഞ്ച്, നാരകം, അവക്കാഡോ, വിവിധയിനം ചെറികൾ, 40തരം ബോഗൻ വില്ലകൾ എന്നിവയും വളർത്തുന്നുണ്ട്. മുന്തിരി മാത്രം ടൈൽ ഇളക്കി മാറ്റി മണ്ണിൽ നട്ടു. ബാക്കിയുള്ളവയെല്ലാം ചട്ടികളിലാണ് വളർത്തുന്നത്.
English Summary
The Cambodian Wild Grape, a rare grape variety native to Cambodia and Southeast Asia, is gaining attention in Kochi. It can be grown easily in Kerala’s tropical climate.
RELATED TOPICS: CAMBODIAN WILD GRAPE, CAMBODIAN GRAPE, WILD GRAPE KOCHI, KOCHI GRAPE VARIETY, മുന്തിരിയിനം കേരളം
News ⏭️


