NEWS

കാണാതായ 13 കാരിയെ ഒഡീഷയിൽ കണ്ടെത്തിജീവൻപണയം വച്ച് കേരള പൊലീസിന്റെ ദൗത്യം

കൊച്ചി:കൊടുങ്കാടും കൂരിരുട്ടും, തോക്കേന്തിയ നക്‌സലുകൾ ചാടിവീഴാം; പക്ഷേ, കേരള പൊലീസിൻ്റെ ചുവടുകൾ വിറച്ചില്ല. കാണാതായ 13 വയസുകാരിയെ ഒഡീഷയിൽ നിന്ന് കണ്ടെത്തി അവർ രക്ഷാദൗത്യം പൂർത്തിയാക്കി.കുറുപ്പംപടിയിൽ താമസിക്കുന്ന ഒഡീഷ സ്വദേശികളുടെ 13കാരിയായ മകളെ 13ന് വൈകിട്ടാണ് കാണാതായത്. കുറുപ്പംപടി പൊലീസിൻ്റെ അന്വേഷണത്തിനിടെ സേലത്ത് ജോലിചെയ്യുന്ന കേശവിനെകുറിച്ച് സൂചനകിട്ടി. സേലത്തെ കമ്പനിയിൽ ജോലിചെയ്യുന്ന പതിനെട്ടുകാരനായ ഒഡീഷസ്വദേശി അലോകുമായി കുട്ടി സൗഹൃദത്തിലായിരുന്നുവെന്ന നിർണായകവിവരം കേശവിൽ നിന്ന് ലഭിച്ചു. കുറുപ്പംപടി സബ് ഇൻസ്‌പെക്ടർ കെ.എം. അബി, സീനിയർ സി.പി.ഒമാരായ എൻ.പി. ബിന്ദു, അരുൺ കെ. കരുണൻ, രജിത് രാം എന്നിവർ സേലത്തേക്ക് കുതിച്ചു. യുവാവിന്റെ ഫോൺ സ്വിച്ച് ഓഫ് ആയിരുന്നു. ഫോൺനമ്പറിൽ തുടങ്ങിയ അന്വേഷണം ചെന്നെത്തിയത് ഒഡിഷയിലെ ഗഞ്ചം ജില്ലയിലുള്ള നബാഗൊച്ച എന്ന കൊടുംവനത്തിലാണ്. പൊലീസ് വാഹനങ്ങൾക്ക് പ്രവേശനമില്ലാത്ത, മാവോയിസ്റ്റ് ഭീഷണിയുളള താഴ്വര.

അർദ്ധരാത്രിയിൽ ബഞ്ചനഗർ പൊലീസിന്റെ ആയുധധാരികളായ എട്ടംഗ സംഘത്തോടൊപ്പം കുറുപ്പംപടി പൊലീസും കാട്ടിലേക്ക് കുതിച്ചു. വാഹനങ്ങൾ ഒരു കിലോമീറ്റർ അകലെ നിറുത്തി. കൈയിൽ തോക്കുകളേന്തി ശ്വാസമടക്കിപ്പിടിച്ച് പൊലീസ് സംഘം ഇരുട്ടിലൂടെ നടന്ന് ഗ്രാമത്തിലെത്തി. കാട്ടിലെ അഞ്ച് വീടുകളിൽ അലോകിന്റെ വീട് കണ്ടെത്താനായിരുന്നു വെല്ലുവിളി. ഒടുവിൽ, അലോകിന്റെ വീട് വളഞ്ഞെങ്കിലും പ്രദേശവാസികൾ പ്രതിരോധിച്ചു. മനക്കരുത്തോടെ സാഹചര്യം കൈകാര്യംചെയ്ത് അലോകിനെയും പെൺകുട്ടിയെയും കൊണ്ട് കുറുപ്പംപടിയിലെത്തി. കുട്ടിയെ ഇന്ന് ചൈൽഡ് വെൽഫെയർ കമ്മിറ്റി മുമ്പാകെ ഹാജരാക്കും. അലോകിനെതിരെ കേസെടുത്തു.

Read News ⏭️

Back to top button