BUSINESS
ഓണമുണ്ണാൻ പ്രവാസികൾക്കായി കേരളത്തിൽ നിന്ന് വിമാനമേറുന്നത് 2 കോടിയുടെ വാഴയില, ആശ്രയം പക്ഷേ ‘അയൽപ്പക്കം’

കോഴിക്കോട്∙ ഓണസദ്യയ്ക്ക് തൂശനിലയിട്ട് വാഴയിലയുടെ വിദേശ വിപണി. ഓണമുണ്ണാൻ വിദേശ മലയാളികൾക്കായി കേരളത്തിലെ 3 വിമാനത്താവളങ്ങളിൽ നിന്ന് കയറ്റുമതി ചെയ്യുന്നത് 2 കോടി രൂപയുടെ വാഴയിലയാണ്. വേണ്ടത്ര ഇലകിട്ടാൻ ആശ്രയം അയൽ സംസ്ഥാനം തന്നെ.തമിഴ്നാട്ടിലെ കമ്പം, തേനി, തിരുനെൽവേലി എന്നിവിടങ്ങളിൽ കൃഷി ചെയ്യുന്ന കദളി വാഴയുടെ ഇലയാണ് ഒന്നാംകിട ഉൽപന്നമായി ഇന്നലെ മുതൽ കയറ്റുമതി ചെയ്യുന്നത്. നാക്കില മാത്രമേ കയറ്റുമതിക്കായി തിരഞ്ഞെടുക്കാറുള്ളൂ.പശ്ചിമേഷ്യൻ സംഘർഷം കാരണം കാർഗോ നിരക്ക് ഇരട്ടിയോളമായെങ്കിലും ഇലയിൽ സദ്യയുണ്ണാനുള്ള മലയാളികളുടെ താൽപര്യം തന്നെയാണ് ഡിമാൻഡിനു പിന്നിൽ. വിദേശത്തുള്ള ഹോട്ടലുകളിലും വാഴയിലയ്ക്ക് ഈ സീസണിൽ ആവശ്യക്കാർ ഏറെയാണ്.70–80 ഇലകളാണ് ഒരു കിലോഗ്രാമിൽ ഉണ്ടാവുക. 800 മുതൽ 1100 രൂപ വരെ വിദേശ വിപണിയിൽ ലഭ്യമാവും. ഒരു ഇലയ്ക്ക് 10 മുതൽ 13 രൂപ വരെ ലഭിക്കുമെന്നു ചുരുക്കം. വിദേശത്തേക്ക് പഴം, പച്ചക്കറി കയറ്റുമതി ചെയ്യുന്ന എല്ലാ സ്ഥാപനങ്ങളും ഓണം സീസണിൽ വാഴയിലയിലും പരീക്ഷണം നടത്തുന്നുണ്ട്.
Travel ⏭️


