‘ഗുരുവായൂരിൽ കല്യാണമേളം’; ഞായറാഴ്ച നടക്കാൻ പോകുന്നത് നാന്നൂറോളം വിവാഹങ്ങൾ

പ്രതീകാത്മക ചിത്രം
തൃശൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ ചിങ്ങമാസം നടക്കാൻ പോകുന്നത് റെക്കോർഡ് വിവാഹങ്ങൾ. ചിങ്ങമാസത്തിലെ ആദ്യ ഞായറാഴ്ച്ചയായ ഓഗസ്റ്റ് 23ന് 429 വിവാഹങ്ങളാണ് ഇതുവരെ ബുക്ക് ചെയ്തിരിക്കുന്നത്. ഓഗസ്റ്റ് 30ന് 342 വിവാഹങ്ങളും സെപ്തംബർ 13ന് 328 വിവാഹങ്ങളുമാണ് ബുക്ക് ചെയ്തിരിക്കുന്നത്. വിവാഹത്തിരക്ക് വർദ്ധിച്ച സാഹചര്യത്തിൽ ദർശനവും വിവാഹ ചടങ്ങുകളും സുഗമമായി നടത്താൻ ഭക്തജനങ്ങളുടെ സഹകരണം പ്രതീക്ഷിക്കുന്നതായി ദേവസ്വം ചെയർമാൻ എ വി ഗോപിനാഥ് അറിയിച്ചു.
ഭക്തർക്ക് തടസമില്ലാതെ ദർശനം ഒരുക്കുന്നതിനും വിവാഹ ചടങ്ങുകൾ ഭംഗിയായി നടത്തുന്നതിനും പൊലീസ് സഹകരണത്തോടെ ദേവസ്വം ബോർഡ് ക്രമീകരണങ്ങൾ നടത്തിയിട്ടുള്ളതായി അദ്ദേഹം അറിയിച്ചു. ഭക്തജനങ്ങളുടെ സുരക്ഷയ്ക്കായി ക്ഷേത്രത്തിനകത്തും പുറത്തും ക്ഷേത്രനഗരിയിലും കൂടുതൽ പൊലീസിനെ വിന്യസിക്കാൻ ജില്ലാ പൊലീസ് മേധാവിക്ക് കത്ത് നൽകിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. തിരക്ക് ക്രമീകരിക്കുന്നതിനായി ഓഗസ്റ്റ് 23, 30 സെപ്തംബർ 13 തീയതികളിൽ പുലർച്ചെ നാല് മണി മുതൽ വിവാഹങ്ങൾ നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്.
താലികെട്ടിനായി ആറ് മണ്ഡപങ്ങൾ സജ്ജമാക്കും. ക്ഷേത്രം ജീവനക്കാരെ മണ്ഡപത്തിലേക്ക് കൂടുതലായി നിയമിക്കും. മണ്ഡപത്തിന് സമീപം മംഗളവാദ്യ സംഘത്തെയും നിയോഗിക്കും. ക്ഷേത്രം കിഴക്കേനട പൂർണമായും വൺവേ ആക്കും. ഒരു ദിശയിലേക്ക് മാത്രം ഭക്തരെ കടത്തിവിട്ട് തിരക്ക് നിയന്ത്രിക്കുമെന്നും ദേവസ്വം ബോർഡ് അറിയിച്ചു.
വരനും വധുവുമടങ്ങുന്ന വിവാഹസംഘം നേരത്തെയെത്തി മേൽപുത്തൂർ ഓഡിറ്റോറിയത്തിന് തെക്ക് ഭാഗത്തെ പുതിയ നടപ്പന്തലിലെ കൗണ്ടറിലെത്തി ടോക്കൺ വാങ്ങണം. അവിടെത്തന്നെ വിശ്രമിക്കാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. താലികെട്ട് സമയമാകുമ്പോൾ ഇവരെ മേൽപുത്തൂർ ഓഡിറ്റോറിയത്തിൽ പ്രവേശിപ്പിക്കും. തുടർന്ന് കിഴക്കേ നടയിലെ മണ്ഡപത്തിലെത്തി ഊഴമെത്തുമ്പോൾ വിവാഹ ചടങ്ങ് നടത്താം.
വിവാഹം കഴിഞ്ഞാൽ തെക്കേ നട വഴി മടങ്ങി പോകണം. കിഴക്കേ നടവഴി മടങ്ങാൻ അനുവദിക്കില്ല. വധൂവരൻമാർക്കൊപ്പം ഫോട്ടോഗ്രാഫർമാർ ഉൾപ്പെടെ 24 പേർക്കേ മണ്ഡപത്തിന് സമീപം പ്രവേശനം അനുവദിക്കുകയുള്ളൂവെന്നും ദേവസ്വം ബോർഡ് അറിയിച്ചു.
English Summary
Thrissur: Guruvayur Temple is preparing for a record number of weddings during the Chingam month. As of now, 429 weddings are booked for August 23, 342 for August 30, and 328 for September 13. Six wedding mandapams will be arranged, with enhanced police and Devaswom security. Weddings will begin at 4 a.m., while one-way entry and exit arrangements will help manage crowds.
RELATED TOPICS: GURUVAYUR WEDDING, CHINGAM WEDDINGS, GURUVAYUR TEMPLE MARRIAGE, 400 WEDDINGS GURUVAYUR, GURUVAYUR DEVASWOM
Read News ⏭️


