NEWS

തേങ്ങയിടൽ ഉറപ്പാക്കി വാർഡ് കൗൺസിലർ

കണ്ണൂർ: തെങ്ങുകയറ്റക്കാരെ കിട്ടാതെ തേങ്ങ ഇടുന്നതെങ്ങനെ? നാട്ടുകാരുടെ ആശങ്ക കൗൺസിലർ ഏറ്റെടുത്തു. തൊട്ടടുത്ത പഞ്ചായത്തിൽ നിന്ന് തെങ്ങുകയറ്റക്കാരുടെ ഒരു ടീമിനെ റെഡിയാക്കി. പയ്യന്നൂർ നഗരസഭയിലെ കാര വാർഡിൽ പെട്ട 48 കുടുംബങ്ങൾക്ക് അങ്ങനെയൊരു ഓണസമ്മാനമാണ് കൗൺസിലർ വൈശാഖ് ഒരുക്കിയത്. ഇത്രയും വീടുകളിലായി 213 തെങ്ങുകളാണുള്ളത്.

കൂടുതൽ തെങ്ങുള്ളവർക്ക് തൊഴിലാളികളെ കിട്ടും. ഒന്നോ രണ്ടോ തെങ്ങ് മാത്രമുള്ളവരെ അവർ ഗൗനിക്കില്ല. വീടിനോട് ചേർന്നുള്ള തെങ്ങുകളിൽനിന്ന് തേങ്ങയും ഓലയും വീണ് അപകടമുണ്ടാവുന്നതും പ്രശ്നമായി. അതിനുള്ള പരിഹാരമായാണ് കൗൺസിലർ തെങ്ങുകയറ്റക്കാരെ തേടിയത്.

തൃക്കരിപ്പൂർ എളമ്പച്ചിയിൽനിന്ന് ബിനീഷ്, സന്തോഷ്, വിനോദ്, ഷൈജു എന്നിവരുടെ സംഘം വൈശാഖിന്റെ അഭ്യർത്ഥന ഏറ്റെടുത്തു. ഓരോ വീട്ടിലും എത്തേണ്ട തീയതി അറിയിച്ച് ലിസ്റ്റും തയ്യാറാക്കി.

കഴിഞ്ഞ ദിവസം രാവിലെ എട്ടിന് തുടങ്ങിയ തെങ്ങുകയറ്റം വൈകിട്ട് നാലുമണിവരെ നീണ്ടു. ഓരോ ആറുമാസം കൂടുമ്പോഴും വാർഡിലെ എല്ലാ വീടുകളിലും തേങ്ങവെട്ടാൻ ആളെ എത്തിക്കുമെന്ന് വൈശാഖ് പറഞ്ഞു.

Read News ⏭️

Back to top button