HEALTH

വിജയ്‌യുടെ മാനസികാവസ്ഥ, രവി മോഹന്റെ പഞ്ചുകൾ; ബോക്സിങ് വെറുമൊരു വ്യായാമമല്ല


നടൻ രവി മോഹൻ പങ്കുവെച്ച ഒരു ബോക്സിങ് പരിശീലന വീഡിയോ ഇപ്പോൾ ശ്രദ്ധ നേടുകയാണ്. കഴിഞ്ഞ മാസം ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോയിൽ തീവ്രമായ ബോക്സിങ് പരിശീലനത്തിലേർപ്പെടുന്ന രവി മോഹനെയാണ് കാണുന്നത്. ‘My @actorvijay na’s mindspace right now’ എന്നായിരുന്നു വീഡിയോയ്‌ക്കൊപ്പം താരം കുറിച്ചത്. വിജയ്‌യുടെ ഇപ്പോഴത്തെ മാനസികാവസ്ഥയുമായി തന്റെ വർക്കൗട്ടിനെ ബന്ധിപ്പിച്ചായിരുന്നു രവി മോഹന്റെ കുറിപ്പ്. പഞ്ചുകളും കാൽച്ചുവടുകളും ഉൾപ്പെടുന്ന പരിശീലനത്തിലൂടെ ശരീരത്തിന്റെ വിവിധ ഭാഗങ്ങളെ ഒരേസമയം സജീവമാക്കുന്ന രീതിയിലാണ് രവി മോഹൻ ബോക്സിങ് ചെയ്യുന്നത്.പോരാട്ടകലയെന്നതിലുപരി ഫിറ്റ്‌നസ് വർക്കൗട്ടായും ബോക്സിങ് ഇന്ന് ഏറെ ജനപ്രിയമാണ്. ശരീരത്തിന്റെ വിവിധ ഭാഗങ്ങളെ ഒരേസമയം പ്രവർത്തിപ്പിക്കുന്നതിനൊപ്പം ശക്തി, സഹനശേഷി, ചടുലത, ഏകോപനം എന്നിവ മെച്ചപ്പെടുത്താൻ ഇത് സഹായിക്കുമെന്ന് ഡയറ്റീഷ്യനും ഫിറ്റ്‌നസ് ട്രെയിനറുമായ ഗരിമ ഗോയൽ പറയുന്നു. പഞ്ചുകൾ നൽകുമ്പോൾ തോളുകൾ, നെഞ്ച്, കൈകൾ, പുറം, കോർ മസിലുകൾ എന്നിവ സജീവമാകുന്നു. തുടർച്ചയായ കാൽച്ചുവടുകൾ ഗ്ലൂട്ട്‌സ്, ക്വാഡ്രിസെപ്‌സ്, ഹാംസ്ട്രിങ്‌സ്, കാലിലെ മറ്റ് മസിലുകൾ എന്നിവയ്ക്കും മികച്ച വ്യായാമമാകുന്നു. ശരീരം തിരിക്കുകയും ചലിപ്പിക്കുകയും ചെയ്യുന്ന ബോക്സിങ്ങിലെ ചലനങ്ങൾ കോർ മസിലുകളുടെ ശക്തിയും ബാലൻസും ഏകോപനവും മെച്ചപ്പെടുത്താനും സഹായിക്കും.വേഗത്തിലുള്ള ചലനങ്ങളും തുടർച്ചയായ പഞ്ചിങ്ങും ഉൾപ്പെടുന്നതിനാൽ മികച്ച കാർഡിയോ വർക്കൗട്ടായും ബോക്സിങ് മാറുന്നു. ഹൃദയാരോഗ്യത്തിനും സ്റ്റാമിന വർധിപ്പിക്കുന്നതിനും കലോറി ചെലവഴിക്കുന്നതിനും ഇത് സഹായകരമാണ്. അതേസമയം ശരീരത്തിനൊപ്പം തലച്ചോറിനും പരിശീലനം നൽകുന്ന വ്യായാമമാണ് ബോക്സിങ്. വിവിധ പഞ്ച് കോമ്പിനേഷനുകൾ ഓർത്തെടുക്കുകയും ശരിയായ സമയത്ത് അവ പ്രയോഗിക്കുകയും ചെയ്യേണ്ടതിനാൽ ഏകാഗ്രതയും പെട്ടെന്നുള്ള തീരുമാനമെടുക്കാനുള്ള കഴിവും ആവശ്യമാണ്. അതുകൊണ്ടുതന്നെ ബോക്സിങ് ശരീരത്തെ മാത്രമല്ല, മനസ്സിനെയും സജീവമായി നിലനിർത്തുന്ന വർക്കൗട്ടായി മാറുന്നു.മാനസിക സമ്മർദം കുറയ്ക്കാനും ബോക്സിങ് സഹായിച്ചേക്കാം. ഉയർന്ന തീവ്രതയിലുള്ള പഞ്ചിങ് വ്യായാമങ്ങൾ ശരീരത്തിൽ എൻഡോർഫിൻ പുറപ്പെടുവിക്കാൻ സഹായിക്കുകയും മാനസിക പിരിമുറുക്കം കുറയ്ക്കുകയും ചെയ്യും. ദിവസത്തിലെ സമ്മർദങ്ങൾ മാറ്റിവെച്ച് ശരീരചലനത്തിൽ പൂർണമായി ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയുന്നതും ബോക്സിങ്ങിന്റെ മറ്റൊരു പ്രത്യേകതയാണ്.എന്നാൽ തുടക്കക്കാർ ബോക്സിങ് പരിശീലിക്കുമ്പോൾ സാങ്കേതികതയ്ക്ക് പ്രത്യേക പ്രാധാന്യം നൽകണം. കൈകൾ, കൈത്തണ്ട, തോളുകൾ എന്നിവയ്ക്ക് സമ്മർദം ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ ശരിയായ വാംഅപ്പ്, സംരക്ഷണ ഉപകരണങ്ങൾ, പരിശീലകന്റെ മാർഗനിർദേശം എന്നിവ പ്രധാനമാണ്. പരുക്കുകൾ ഒഴിവാക്കാൻ ശരിയായ രീതിയിൽ പഞ്ചിങ് പഠിക്കുന്നതും ആവശ്യമാണ്. ബോക്സിങ്ങിനൊപ്പം സ്‌ട്രെങ്ത് ട്രെയിനിങ്, മൊബിലിറ്റി വ്യായാമങ്ങൾ, സമീകൃതമായ ഭക്ഷണം, ആവശ്യമായ വിശ്രമം എന്നിവയും ഉൾപ്പെടുത്തുന്നത് സമഗ്രമായ ഫിറ്റ്‌നസിന് സഹായിക്കും.ഫിറ്റ്‌നസിന്റെ കാര്യത്തിൽ തെന്നിന്ത്യൻ താരം വിജയ്ക്കും സ്വന്തമായൊരു രീതിയുണ്ട്. മെലിഞ്ഞതും ഊർജസ്വലവുമായ ശരീരഘടന നിലനിർത്തുന്നതിനായി ലഘു കാർഡിയോ, മിതമായ ഭാരപരിശീലനം, കൂടുതൽ ആവർത്തനങ്ങളുള്ള വ്യായാമങ്ങൾ, ഡാൻസ് പരിശീലനം എന്നിവയ്ക്ക് അദ്ദേഹം പ്രാധാന്യം നൽകുന്നതായാണ് റിപ്പോർട്ടുകൾ. ദീർഘനേരം ഹെവി വെയ്റ്റ് പരിശീലനം നടത്തുന്നതിനേക്കാൾ സ്റ്റാമിനയും ഫ്‌ളെക്‌സിബിലിറ്റിയും നിലനിർത്താൻ സഹായിക്കുന്ന വ്യായാമങ്ങളിലാണ് ശ്രദ്ധ. രാവിലെയുള്ള ബ്രിസ്‌ക് വാക്കും അദ്ദേഹത്തിന്റെ ഫിറ്റ്‌നസ് രീതിയുടെ ഭാഗമാണെന്ന് റിപ്പോർട്ടുകളുണ്ട്.


Cinema ⏭️

Back to top button