NEWS

യുഎഇയിലെ പ്രവാസിമലയാളികൾക്ക് ആശ്വാസം; ഇനി ‘അപ്പോയ്ന്റ്മെന്റ്’ കാത്തിരിക്കേണ്ട, നാട്ടിലേക്കുള്ള ‘എമർജൻസി യാത്ര’ പോലും എളുപ്പം


അബുദാബി∙ യുഎഇയിലെ മലയാളി സമൂഹം അടക്കമുള്ള ദശലക്ഷക്കണക്കിന് ഇന്ത്യൻ പ്രവാസികൾക്ക് വലിയ ആശ്വാസമേകി പാസ്‌പോർട്ട്, വീസ, സാക്ഷ്യപ്പെടുത്തൽ സേവനങ്ങൾക്കായി മുൻകൂട്ടി അപ്പോയിന്റ്മെന്റ് ഇല്ലാതെ നേരിട്ടെത്താൻ (വാക്ക്-ഇൻ) അനുമതി. യുഎഇയിലുടനീളമുള്ള 16 ഇന്ത്യൻ കോൺസുലർ അപേക്ഷാ കേന്ദ്രങ്ങളിലും (ഐസിഎസി) തിരഞ്ഞെടുക്കപ്പെട്ട വിഭാഗങ്ങളിൽപ്പെടുന്നവർക്ക് ഇനി അപ്പോയിന്റ്മെന്റില്ലാതെ എത്താമെന്ന് അബുദാബിയിലെ ഇന്ത്യൻ എംബസി അറിയിച്ചു. സേവനങ്ങൾ കൂടുതൽ സുഗമവും വേഗത്തിലുമാക്കാനും ജനങ്ങൾക്ക് പ്രയാസങ്ങളില്ലാതെ മികച്ച സേവനം ഉറപ്പാക്കാനുമാണ് ഈ തീരുമാനം. ഇന്ത്യയ്ക്ക് പുറത്ത് ഏറ്റവും കൂടുതൽ പാസ്‌പോർട്ട്, വീസ സേവനങ്ങൾ നൽകുന്ന യുഎഇയിലെ ഇന്ത്യൻ മിഷനുകളുടെ ഈ നടപടി പ്രവാസി മലയാളി കുടുംബങ്ങൾക്കും അടിയന്തര ആവശ്യങ്ങൾക്കായി നാട്ടിലേക്ക് പോകേണ്ടവർക്കും വലിയ തണലാകും.സേവനദാതാക്കളുടെ മാറ്റവുമായി ബന്ധപ്പെട്ടുണ്ടായ നിയമതടസങ്ങളെ തുടർന്ന് ഒരു മാസത്തോളമായി സേവനങ്ങൾ ഭാഗികമായി തടസ്സപ്പെടുകയും കേന്ദ്രങ്ങളിൽ വലിയ തിരക്ക് അനുഭവപ്പെടുകയും ചെയ്തിരുന്നു. നിലവിൽ കെട്ടിക്കിടന്ന അപേക്ഷകളെല്ലാം തീർപ്പാക്കിയതായും സാധാരണ പാസ്‌പോർട്ടുകൾ അഞ്ച് പ്രവൃത്തിദിനങ്ങൾക്കുള്ളിലും തത്കാൽ അപേക്ഷകൾ മൂന്ന് ദിവസത്തിനകവും വിതരണം ചെയ്യാൻ സാധിക്കുന്നുണ്ടെന്നും ദുബായിലെ ഇന്ത്യൻ കോൺസൽ ജനറൽ ഡോ. ഇ. വിഷ്ണു വർധൻ റെഡ്ഡി വ്യക്തമാക്കി.


Fashion ⏭️

Back to top button