NEWS

രാത്രിയിൽ കുതിച്ചെത്തിയത് ആയിരക്കണക്കിന് ഡ്രോണുകൾ! റഷ്യയിൽ തീമഴ പെയ്യിച്ച് യുക്രെയ്ൻ, കോടികളുടെ നാശനഷ്ടം; മിസൈൽ വർഷിച്ച് റഷ്യയും


റഷ്യൻ മണ്ണിലേക്ക് സമീപകാലത്തെ ഏറ്റവും വലിയ വ്യോമാക്രമണം നടത്തി യുക്രെയ്ൻ. ആയിരക്കണക്കിന് ഡ്രോണുകൾ ഉപയോഗിച്ച് യുക്രെയ്ൻ നടത്തിയ ആക്രമണത്തിൽ ചുരുങ്ങിയത് ആറ് പേർ കൊല്ലപ്പെട്ടതായും വൻ നാശനഷ്ടങ്ങൾ സംഭവിച്ചതായും റഷ്യൻ അധികൃതർ സ്ഥിരീകരിച്ചു. റഷ്യൻ സൈന്യത്തിന്റെ അവകാശവാദപ്രകാരം, രാത്രിയിലുടനീളം നടത്തിയ ആക്രമണത്തിൽ 800-ലധികം യുക്രെയ്ൻ ഡ്രോണുകളാണ് വ്യോമസേനയും ഇലക്ട്രോണിക് വാർഫെയർ യൂണിറ്റുകളും ചേർന്ന് വെടിവച്ചിട്ടത്.മോസ്കോ മേഖലയിലുള്ള പ്രമുഖ റഷ്യൻ ഇ-കോമേഴ്സ് ഭീമനായ ‘വൈൽഡ്ബെറീസ്’ന്റെ സംഭരണ കേന്ദ്രത്തിൽ ഡ്രോൺ വീണ് വൻ തീപിടുത്തമുണ്ടായി. റഷ്യയിലെ ‘ആമസോൺ’ എന്ന് വിശേഷിപ്പിക്കപ്പെടുന്ന വൈൽഡ്ബെറീസിന്റെ 2,50,000 ചതുരശ്ര മീറ്റർ വിസ്തീർണമുള്ള കൂറ്റൻ ലോജിസ്റ്റിക്സ് കേന്ദ്രമാണ് തകർന്നത്. ഈ തീപിടുത്തത്തിൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും ശതകോടികളുടെ നാശനഷ്ടമാണ് കണക്കാക്കുന്നത്. റഷ്യൻ സൈന്യത്തിന് ആവശ്യമായ സാധന സാമഗ്രികൾ വിതരണം ചെയ്യുന്നത് വൈൽഡ്ബെറീസ് കേന്ദ്രങ്ങൾ വഴിയാണെന്ന് യുക്രെയ്ൻ ആരോപിച്ചു. കമ്പനിയുടെ ഏറ്റവും വലിയ 10 ലോജിസ്റ്റിക്സ് കേന്ദ്രങ്ങളിൽ ഏഴെണ്ണവും ഇതിനകം യുക്രെയ്ൻ ആക്രമിച്ചു തകർത്തിട്ടുണ്ട്. ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ അയൽരാജ്യമായ കസഖ്സ്ഥാനിൽ പുതിയ വെയർഹൗസുകൾ നിർമിക്കാൻ കമ്പനി തീരുമാനിച്ചിട്ടുണ്ട്.


Fashion ⏭️

Back to top button