NEWS
ശുചിമുറി, ഭക്ഷണം, കഫെറ്റീരിയ; ആലപ്പുഴ–ബെംഗളൂരു കെഎസ്ആർടിസി എക്സിക്യൂട്ടീവ് ക്ലാസിൽ ‘വിമാനത്തിൽ യാത്ര ചെയ്യുന്ന അനുഭവം’

ആലപ്പുഴ ∙ കെഎസ്ആർടിസിയുടെ പുതിയ എക്സിക്യൂട്ടീവ് ക്ലാസ് ആലപ്പുഴയിൽ നിന്നു ബെംഗളൂരുവിലേക്ക് കന്നിയാത്ര പുറപ്പെട്ടു. വിമാനത്തിൽ യാത്ര ചെയ്യുന്ന അനുഭവമാണെന്ന് ഫ്ലാഗ് ഓഫ് ചെയ്ത ശേഷം ആലപ്പുഴ മുതൽ കലവൂർ വരെ യാത്ര ചെയ്ത കെ.സി.വേണുഗോപാൽ എംപി പറഞ്ഞു. ശുചിമുറി, ഭക്ഷണം, കഫെറ്റീരിയ, പാൻട്രി തുടങ്ങിയ ആധുനിക സൗകര്യങ്ങൾ കൂടാതെ സെമി സ്ലീപ്പർ സീറ്റുകൾ 36, എയർ സസ്പെൻഷൻ തുടങ്ങിയ മികച്ച സൗകര്യങ്ങളുണ്ട്. സീറ്റുകൾക്ക് പിന്നിലായി പ്രത്യേകം സ്ക്രീനുകൾ, മൊബൈൽ ചാർജിങ് സംവിധാനം, കുപ്പിവെള്ളം സൂക്ഷിക്കാനുള്ള സൗകര്യം, ലഗേജ് റാക്ക് എന്നിവയുണ്ട്.നിലച്ചുപോയ ആലപ്പുഴ–ബെംഗളൂരു സർവീസ് പുനരാരംഭിക്കണമെന്ന കെ.സി.വേണുഗോപാൽ എംപിയുടെ ആവശ്യ പ്രകാരമാണ് മന്ത്രി സി.പി.ജോൺ പുതിയ എക്സിക്യൂട്ടീവ് ക്ലാസ് അനുവദിച്ചതെന്നു കെഎസ്ആർടിസി എംഡി പി.എസ്.പ്രമോജ് ശങ്കർ പറഞ്ഞു. ഒന്നിടവിട്ട ദിവസങ്ങളിൽ ആലപ്പുഴയിൽ നിന്നു വൈകിട്ട് 5.30നു പുറപ്പെടുന്ന ബസ് 7.25ന് വൈറ്റില, 9.15ന് തൃശൂർ മണ്ണുത്തി ബൈപാസ്, 11.05 ന് പാലക്കാട് ചന്ദ്രനഗർ, പുലർച്ചെ 12.10ന് കോയമ്പത്തൂർ എൽ ആൻഡ് ടി ബൈപാസ്, മൂന്നിന് സേലം, രാവിലെ 6.25 ന് ബെംഗളൂരു.
Fashion ⏭️


