NEWS
പ്രവാസികളുടെ ‘പുതിയ വീക്ക്നെസ്സ്’: ഷോറൂമുകളിൽ വൻ തിരക്ക്, ബുക്കിങ്ങിന് മലയാളികളുടെ കാത്തിരിപ്പ്?; ഗൾഫ് റോഡുകളിലെ പുതിയ രാജാക്കന്മാർ

ദുബായ്∙ ദുബായ് നിരത്തിലൂടെ ചീറിപ്പായുന്ന ടൊയോട്ടയുടെ പ്രാഡോയും നിസാന്റെ പജേരോയും കണ്ടാൽ ഒരുകാലത്ത് ആളുകൾ ഉറപ്പിക്കുമായിരുന്നു- ‘പ്രാഡോ മലയാളി’, അല്ലെങ്കിൽ ‘പജേരോ മലയാളി’. യുഎഇയിലെ ഇടത്തരം മലയാളികളുടെ, പ്രത്യേകിച്ച് ബിസിനസുകാരുടെ പ്രിയ വാഹനമായിരുന്നു പ്രാഡോയും പജേരോയും. ഇപ്പോൾ ദുബായ് നിരത്തുകളിൽ ഒന്നു കൂടി കണ്ണോടിച്ചാൽ കാഴ്ച മാറിയിരിക്കുന്നു. എങ്ങും ചീറിപ്പായുന്നത് ചൈനീസ് വാഹനങ്ങൾ. അതിനുള്ളിൽ മലയാളികളുമേറെ. ഖോർഫക്കാൻ തുറമുഖത്ത് പുത്തൻ വാഹനങ്ങളുമായി ചൈനീസ് കപ്പൽ എത്തിക്കൊണ്ടിരിക്കുന്നു.ജെറ്റൂർ, ജീലി, എംജി, ചംഗാൻ, ഹവൽ, ചെറി, ബിവൈഡി, സീക്ർ, എക്സ്പെങ്, ഒമോഡ, ജെയ്‌കൂ, എക്സീഡ്… പേരുകൾ പലതും മലയാളിയുടെ നാവിന് വഴങ്ങാൻ ഇപ്പോഴും ഇത്തിരി കട്ടിയുള്ളത്. പക്ഷേ, വാഹനങ്ങൾ റോഡിൽ പുതുമയല്ല. ഷോറൂമുകളിൽ നിന്ന് ഇറങ്ങുന്ന വേഗത്തിൽ തന്നെ യുഎഇ നിരത്തുകളിൽ ഇടം പിടിക്കുകയാണ് ചൈനീസ് വാഹനങ്ങൾ. കുറച്ച് വർഷം മുൻപ് വരെ ‘ചൈനീസ് വണ്ടിയോ? പണി വന്നാൽ എന്തുചെയ്യും?’ എന്ന സംശയത്തോടെ നോക്കിയിരുന്ന ഉപയോക്താവ് ഇന്ന് അതേ കാറിന്റെ ടെസ്റ്റ് ഡ്രൈവിനായി ഷോറൂമിലെത്തുന്നു. ചില മോഡലുകൾക്ക് കാത്തിരിപ്പും ശക്തമാണ്. യുഎഇയുടെ പുതിയ കാർ വിപണിയിൽ ചൈനീസ് ബ്രാൻഡുകൾ ഇതിനകം ശ്രദ്ധേയമായ ശക്തിയായി മാറിയെന്നാണ് പുതിയ വിപണി കണക്കുകൾ വ്യക്തമാക്കുന്നത്. 2025ൽ ചൈനീസ് ബ്രാൻഡുകൾ യുഎഇയിലെ പുതിയ വാഹന വിപണിയിൽ ഏകദേശം മൂന്നിലൊന്ന് വരെ വിഹിതം നേടിയതായി ചില വിപണി കണക്കുകൾ സൂചിപ്പിക്കുന്നു. ∙ജാപ്പനീസ് വമ്പന്മാർക്ക് ഭീഷണി: ജെറ്റൂർ ടി2വിന്റെ വിപ്ലവം ചൈനീസ് കാറുകളുടെ ചരിത്രം ഇന്നലെ തുടങ്ങിയതല്ല. 2004-05 കാലഘട്ടത്തിലാണ് ചെറി മിനി, ഓറിയന്റൽ സൺ മോഡലുകളുമായി ഗൾഫിൽ ചുവടുറപ്പിക്കാൻ ശ്രമം തുടങ്ങിയത്. എന്നാൽ അന്നത്തെ വാഹനങ്ങളിൽ നിന്ന് മരുഭൂമിയും മഞ്ഞുമലയും തമ്മിലുള്ള ദൂരമുണ്ട് ഇന്നത്തെ അത്യാധുനിക മോഡലുകൾക്ക്.
Fashion ⏭️


