പൂഞ്ഞാറിൽ ബിജെപിക്ക് വേണ്ടി നാലരക്കോടി എത്തിയെന്ന വെളിപ്പെടുത്തൽ; രണ്ട് പ്രാദേശിക നേതാക്കൾ തെറ്റിദ്ധരിപ്പിച്ചതെന്ന് പിസി ജോർജ്

ബിജെപി നേതാവ് പിസി ജോർജ്
കോട്ടയം: പൂഞ്ഞാർ മണ്ഡലത്തിൽ തിരഞ്ഞെടുപ്പ് പ്രവർത്തനത്തിനായി ബിജെപിക്ക് നാലരക്കോടി രൂപയെത്തിയെന്ന വെളിപ്പെടുത്തലിൽ മലക്കം മറിഞ്ഞ് ബിജെപി നേതാവ് പിസി ജോർജ്. ഒരു മണ്ഡലത്തിൽ ആകെ ചെലവാക്കാൻ കഴിയുന്നത് 40 ലക്ഷം രൂപയാണെന്നിരിക്കെ നാലരക്കോടി എത്തിയെന്ന വെളിപ്പെടുത്തൽ വിവാദമായിരുന്നു.
ഇതോടെ ബിജെപി സംസ്ഥാന നേതൃത്വം പി സി ജോർജിന്റെ ഈ പരാമർശത്തിൽ അതൃപ്തി പ്രകടിപ്പിച്ചിരുന്നു. തുടർന്നാണ് പിസി ജോർജ് നിലപാട് മാറ്റിയത്. പൂഞ്ഞാറിൽ ഇലക്ഷൻ ഫണ്ട് എന്താണെന്ന് പോലും തനിക്ക് അറിയില്ലെന്നും ബിജെപിയുടെ രണ്ട് പ്രാദേശിക നേതാക്കൾ നാലരക്കോടി രൂപ വന്നെന്ന് തന്നെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നുവെന്നും പിസി ജോർജ് പറഞ്ഞു.
‘പ്രസംഗത്തിനുശേഷം പാർട്ടി നേതൃത്വം തന്നെ കണക്ക് കാണിച്ചു. 100 രൂപ ചെലവാക്കിയത് പോലും എഴുതിവച്ചിട്ടുണ്ട്. ആരും പണം മോഷ്ടിച്ചിട്ടില്ലെന്ന് എനിക്ക് ബോദ്ധ്യപ്പെട്ടു. ബിജെപി നേതാവ് സജിയാണ് പണം കൈകാര്യം ചെയ്തത്. സജി മാന്യനാണ്. അഞ്ചുപൈസ മുക്കുന്ന ആളല്ല. എരുമേലിയിൽ പറഞ്ഞത് ശരിയല്ല. അതിന് ക്ഷമചോദിക്കുന്നു’- പി സി ജോർജ് വ്യക്തമാക്കി.
ബിജെപിയിൽ തിരഞ്ഞെടുപ്പ് ഫണ്ട് തട്ടിപ്പ് നടന്നുവെന്നായിരുന്നു കഴിഞ്ഞമാസം എരുമേലിയിൽ നടന്ന പ്രസംഗത്തിൽ പിസി ജോർജ് പറഞ്ഞത്. പൂഞ്ഞാറിൽ നാലരക്കോടി രൂപ ബിജെപി നേതൃത്വം നൽകിയിരുന്നുവെന്നും നേതാക്കൾ അത് തട്ടിയെടുത്തുവെന്നുമായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. തിരഞ്ഞെടുപ്പിന് ശേഷം താൻ കണക്ക് ചോദിച്ചുവെന്നും തന്ന കണക്ക് കാണിച്ചാൽ ബിജെപി പ്രവർത്തകർക്ക് നാണക്കേട് ഉണ്ടാകുമെന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്.
RELATED TOPICS: PC GEORGE, BJP ELECTION FUND, POONJAR, KERALA BJP, ELECTION FUND CONTROVERSY
Read News ⏭️


