NEWS

‘അമ്മ എന്തെന്ന് അറിയുന്നവർ എപ്പോഴും വന്ദേമാതരം പാടും’,​ കേരള വിസി വീണ്ടും ആർഎസ്എസ് വേദിയിൽ

കേരള സർവകലാശാല വൈസ് ചാൻസലർ പരിപാടിയിൽ ഭാരതാംബയുടെ ചിത്രത്തിന് മുന്നിൽ ദീപം തെളിക്കുന്നു

തിരുവനന്തപുരം : ആർ.എസ്.എസ് സംഘടിപ്പിച്ച പരിപാടിയിൽ വീണ്ടും കേരള സർവകലാശാല വൈസ് ചാൻസലർ മോഹനൻ കുന്നുമ്മൽ. തിരുവനന്തപുരം മൺവിളയിൽ ആർ.എസ്.എസ് സംഘടിപ്പിച്ച സങ്കല്പ് 2026 യുവസംഗമം പരിപാടിയിലാണ് ഇത്തവണ മോഹനൻ കുന്നുമ്മൽ പങ്കെടുത്തത്. പരിപാടി ഉദ്ഘാടനം ചെയ്ത അദ്ദേഹം വേദിയിലെ ഭാരതാംബ ചിത്രത്തിന് മുന്നിൽ ദീപം തെളിച്ചാണ് ചടങ്ങുകൾക്ക് തുടക്കം കുറിച്ചത്.

വന്ദേമാതരം ആലപിക്കുന്നത് എതിർക്കുന്നവരെ ശക്തമായ ഭാഷയിൽ വി.സി വിമ‌ർശിച്ചു. അമ്മ ആരാണെന്ന് അറിയാത്തവരാണ് വന്ദേമാതരത്തെ എതിർക്കുന്നത്. ഭാരതം നമ്മുടെ അമ്മയായത് കൊണ്ടാണ് നാം വന്ദേമാതരം എന്ന് പാടുന്നത്. അമ്മ എന്താണെന്ന് അറിയുന്നവർ എപ്പോഴും വന്ദേമാതരം എന്ന് പറയുമെന്നും അദ്ദേഹം വ്യക്തമാക്കി.

വികസിത ഭാരതമെന്ന സ്വപ്നത്തിലേക്ക് രാജ്യം മുന്നേറുകയാണെന്നും അദ്ദേഹം പറഞ്ഞു. ഈ മാറ്റം നമ്മുടെ നാട്ടിലും ഉണ്ടാകും. പി.എസ്.സി പരീക്ഷാ വിജയത്തിനും ജോലിക്കുമായി പഠനത്തിനപ്പുറം മറ്റ് ചില കാര്യങ്ങൾ കൂടി ശ്രദ്ധിക്കേണ്ടതുണ്ടെന്നും ,​ പിന്നിട്ട നല്ല കാലത്തേക്ക് രാജ്യം തിരിച്ചുപോകുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. കേന്ദ്രസർക്കാരിന്റെ ദേശീയ വിദ്യാഭ്യാസ നയത്തെ പിന്തുണച്ച അദ്ദേഹം നാല് വർഷ ബിരുദ കോഴ്‌സുകൾ കേരള സർവകലാശാലയിൽ വിജയകരമായി നടപ്പിലാക്കിയ കാര്യവും ചൂണ്ടിക്കാട്ടി. പരിപാടിയിൽ 150ഓളം വിദ്യാർത്ഥികൾ ചേർന്ന് വന്ദേമാതരം ആലപിക്കുകയും ചെയ്തു.

Read News ⏭️

Back to top button