NEWS
20 വർഷമായി 350 മീറ്ററോളം ദൂരം പൊതുനിരത്ത് ദിവസവും ശുചീകരിച്ച് റിട്ട.അധ്യാപകൻ അച്ചൻ കെ.മാത്യു

തോട്ടയ്ക്കാട് ∙ എഴുപത്തേഴിന്റെ നിറവിൽ ഈ ‘ ശുചിത്വ മാതൃക ’; രണ്ട് പതിറ്റാണ്ടായി റോഡരികിൽ ‘ അച്ചൻ സാറിന്റെ ’ വേറിട്ട സേവനം. വാർധക്യത്തിലെ വിശ്രമ ജീവിതം നാടിന് മാതൃകയാവാനാണ് തോട്ടയ്ക്കാട് സ്വദേശിയായ ഈ റിട്ട.അധ്യാപകൻ വിനിയോഗിക്കുന്നത്. 77-ാം വയസ്സിലും ദിവസവും തെരുവ് തൂത്തുവാരി വൃത്തിയാക്കുന്ന തോട്ടയ്ക്കാട് നീലംപടവത്ത് അച്ചൻ കെ.മാത്യുവിന്റെ സേവനത്തിന്റെ പ്രായം 20 വർഷം. കോട്ടയം – കോഴഞ്ചേരി റോഡിൽ തോട്ടയ്ക്കാട് ചെമ്പിത്താനം പാലം മുതൽ ആശുപത്രിപ്പടി വരെയുള്ള 350 മീറ്ററോളം ദൂരമാണ് അച്ചൻ സാർ ദിവസവും പുലർച്ചെ വൃത്തിയാക്കുന്നത്. തിരുവല്ലയിലെ സിഎസ്ഐ വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂൾ ഫോർ ദ് ഡെഫിലെ അധ്യാപകനായിരുന്ന അച്ചൻ കെ.മാത്യു, വിരമിച്ച ശേഷമാണ് ഈ ‘ ശുചിത്വ ദൗത്യം ’ പൂർണ സമയ സന്തോഷമാക്കിയത്.അച്ചൻ കെ.മാത്യു പറയുന്നത് ∙‘ ദിവസവും രണ്ടു മണിക്കൂർ യോഗ ചെയ്യും. അതിനുശേഷമാണ് വീടിനു മുൻപിലുള്ള 350 മീറ്റർ റോഡു വശങ്ങൾ വൃത്തിയാക്കാൻ ഇറങ്ങുന്നത്. റോഡരികിലെ കാടുകൾ പറിച്ചു മാറ്റിയും പുല്ലുകൾ കളനാശിനി തളിച്ച് നശിപ്പിച്ചും നടപ്പാത വൃത്തിയായി സൂക്ഷിക്കുന്നു. പാതയോരത്ത് മനോഹരമായ ഒട്ടേറെ ചെടികളും വച്ചുപിടിപ്പിച്ചിരുന്നു. എന്നാൽ വീടുകൾക്ക് മുന്നിലുള്ളതു ഒഴികെ ബാക്കിയുള്ളവ ചില സാമൂഹിക വിരുദ്ധർ പറിച്ചുകൊണ്ടുപോയത് സങ്കടമുണ്ടാക്കുന്ന കാര്യമാണ്.’
Fashion ⏭️


