SPORTS

ക്രിക്കറ്റ് മത്സരത്തിനിടെ കാമുകിക്ക് മെസേജ് അയച്ച് ഇന്ത്യൻ താരം, കടുത്ത നടപടി


ചെന്നൈ ∙ ക്രിക്കറ്റ് മത്സരത്തിനിടെ കാമുകിക്ക് ഫോണിൽ സന്ദേശമയച്ച താരത്തിനെതിരെ നടപടി. തമിഴ്‌നാട് പ്രീമിയർ ലീഗ് (ടിഎൻപിഎൽ) മത്സരത്തിനിടെയാണ് സംഭവം. തമിഴ്നാട് ക്രിക്കറ്റ് അസോസിയേഷൻ (ടിഎൻസിഎ) താരത്തിന് ഒരു ലക്ഷം രൂപ പിഴ ചുമത്തി. അന്വേഷണം പുരോഗമിക്കുന്നതിനാൽ ടിഎൻസിഎ താരത്തിന്റെ പേര് വെളിപ്പെടുത്തിയില്ല. കഴിഞ്ഞ വർഷത്തെ രഞ്ജി ട്രോഫിയിൽ തമിഴ്‌നാടിനായി രണ്ട് അർധസെഞ്ചറികൾ നേടിയ ഇടങ്കയ്യൻ ബാറ്റർക്കെതിരെയാണ് നടപടിയെന്നാണ് സൂചന. ഓഗസ്റ്റ് 4 മുതൽ 28 വരെയാണ് ഈ വർഷത്തെ ടിഎൻപിഎൽ സീസൺ.കഴിഞ്ഞ ഐപിഎലിനിടെ രാജസ്ഥാൻ റോയൽസ് മാനേജരും വൈഭവ് സൂര്യവംശിക്കായി ടീം നിയമിച്ച രക്ഷാധികാരിയുമായ റോമി ഭിന്ദറിന്, മത്സരത്തിനിടെ ടീം ഡഗ്ഔട്ടിൽ മൊബൈൽ ഫോൺ ഉപയോഗിച്ചതിന് ഒരു ലക്ഷം രൂപ പിഴ ചുമത്തിയിരുന്നു. ഏപ്രിൽ 10ന് ഗുവാഹത്തിയിലെ എസിഎ സ്റ്റേഡിയത്തിൽ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവും രാജസ്ഥാനും തമ്മിലുള്ള മത്സരത്തിനിടെയായിരുന്നു സംഭവം. ബിസിസിഐ അഴിമതിവിരുദ്ധ വിഭാഗമാണ് ബിന്ദറിന് ഒരു ലക്ഷം രൂപ പിഴ വിധിച്ചത്. ഐപിഎലിൽ ടീം ഡ്രസിങ് റൂമി‍ൽ മാനേജർക്ക് ഫോൺ ഉപയോഗിക്കാൻ അനുവാദമുണ്ടെങ്കിലും ഡഗ്ഔട്ടിൽ പാടില്ല. വാതുവയ്പ് തടയുന്നതിനാണിത്.


Auto ⏭️

Back to top button