SPORTS
കാര്യവട്ടത്ത് സെഞ്ചറി നേടുന്ന ആദ്യ വിദേശ താരം, ക്ലാസും കൺട്രോളും ചേർന്ന ഇന്നിങ്സ്

ശുഭ്മൻ ഗില്ലും വിരാട് കോലിയും കൊട്ടിക്കയറിയ കാര്യവട്ടത്തെ ഗ്രൗണ്ടിൽ, കരളുനിറച്ച മറ്റൊരു മിഴിവുറ്റ പ്രകടനത്തിനു കൂടി ഇന്ത്യ– വെസ്റ്റിൻഡീസ് ഒന്നാം ഏകദിനം സാക്ഷിയായിരുന്നു. കാര്യവട്ടം സ്പോർട്സ് ഹബ് സ്റ്റേഡിയത്തിൽ സെഞ്ചറി നേടുന്ന ആദ്യ വിദേശതാരമെന്ന നേട്ടം സ്വന്തമാക്കിയ വെസ്റ്റിൻഡീസ് ഓപ്പണർ ജസ്റ്റിൻ ഗ്രീവ്സിന്റെ ഇന്നിങ്സ്! കോലിയുടെയും ഗില്ലിന്റെയും സെഞ്ചറിക്കരുത്തിൽ, ഇന്ത്യ 8 വിക്കറ്റിന്റെ അനായാസ ജയം സ്വന്തമാക്കിയതോടെ ഗ്രീവ്സിന്റെ കരിയറിലെ ആദ്യ ഏകദിന സെഞ്ചറി വേണ്ടവിധം ശ്രദ്ധിക്കപ്പെട്ടില്ല.പവർ ഹിറ്റർമാർക്ക് പഞ്ഞമില്ലാത്ത വിൻഡീസ് നിരയിൽ, കോപ്പി ബുക്ക് ഷോട്ടുകളെ മാത്രം ആശ്രയിച്ച് ഇന്നിങ്സ് കെട്ടിപ്പടുക്കുന്ന ശൈലിയാണ് ഗ്രീവ്സിനെ വ്യത്യസ്തനാക്കുന്നത്. ഇന്ത്യയ്ക്കെതിരായ ഒന്നാം ഏകദിനത്തിലും 108 പന്തിൽ 101 റൺസ് നേടിയ ഗ്രീവ്സിന്റെ ഇന്നിങ്സിൽ ഒറ്റ സിക്സ് പോലുമില്ല. ആകെ നേടിയത് 12 ഫോർ. ഇന്നിങ്സിന്റെ ഒരു ഘട്ടത്തിലും ലോഫ്റ്റഡ് ഷോട്ടുകൾക്കു ശ്രമിക്കാതെ, ഡ്രൈവുകളും കട്ട് ഷോട്ടുകളുമായാണ് ഈ വിൻഡീസ് ഓപ്പണർ സെഞ്ചറിയിലേക്ക് നടന്നുകയറിയത്. കൃത്യമായ ബോഡി ബാലൻസ്, ഫ്രണ്ട് ഫൂട്ടിലും ബാക്ക് ഫൂട്ടിലും ഒരുപോലെ ഷോട്സ് കളിക്കാനുള്ള മികവ്, കാച്ചിക്കുറുക്കിയ ടൈമിങ്- ഇതാണ് ഗ്രീവ്സിന്റെ രീതി. ഇന്ത്യൻ താരം നിതീഷ് കുമാർ റെഡ്ഡി എറിഞ്ഞ രണ്ടാം ഓവർ നോക്കുക. നിതീഷ് ഓഫ് സ്റ്റംപിനു പുറത്തെറിഞ്ഞ ഷോട്ട് പിച്ച് ബോൾ മനോഹരമായ ഒരു ബാക്ക് ഫൂട്ട് പഞ്ചിലൂടെ ബൗണ്ടറി കടത്തിയ ഗ്രീവ്സ്, കവർ ഡ്രൈവ്, സ്ട്രെയ്റ്റ് ഡ്രൈവ്, ഫ്ലിക് എന്നീ ഷോട്ടുകളിലൂടെ ഓവറിൽ ആകെ നേടിയത് 4 ഫോർ.ടെസ്റ്റ് സ്പെഷലിസ്റ്റ്കരിയറിന്റെ തുടക്കംമുതൽ ടെസ്റ്റ് സ്‌പെഷലിസ്റ്റായാണ് മുപ്പത്തിരണ്ടുകാരൻ ഗ്രീവ്സ് അറിയപ്പെട്ടത്. അതുകൊണ്ടു ഏകദിന, ട്വന്റി20 ടീമുകളിലേക്ക് പലപ്പോഴും സിലക്ടർമാർ പരിഗണിക്കാറില്ല. സ്ഥിരതയുള്ളൊരു ഓപ്പണിങ് ബാറ്ററുടെ അഭാവത്തിലാണ്, ടെസ്റ്റിൽ മിഡിൽ ഓർഡർ സ്‌പെഷലിസ്റ്റായ ഗ്രീവ്സിന് ഏകദിന ടീമിൽ സ്ഥിരമായി അവസരം ലഭിച്ചുതുടങ്ങിയത്. 2024ൽ ടെസ്റ്റ് അരങ്ങേറ്റം കുറിച്ചെങ്കിലും 2025ൽ ന്യൂസീലൻഡിനെതിരെ ക്രൈസ്റ്റ്ചർച്ചിൽ നടത്തിയ ഒറ്റയാൾ പോരാട്ടമാണ് ഗ്രീവ്സിനെ ശ്രദ്ധേയനാക്കിയത്. മത്സരത്തിൽ 531 റൺസ് എന്ന, ഏറക്കുറെ അസാധ്യ ലക്ഷ്യവുമായി രണ്ടാം ഇന്നിങ്സ് ബാറ്റിങ്ങിന് ഇറങ്ങിയ വിൻഡീസ് തോൽവി ഉറപ്പിച്ച ഘട്ടത്തിലാണ്, ഏഴാം നമ്പറിൽ ഗ്രീവ്സ് ബാറ്റിങ്ങിന് എത്തുന്നത്. അഞ്ചാം ദിനം മുഴുവൻ ക്രീസിൽ തുടർന്ന താരം 388 പന്തിൽ പുറത്താകാതെ 202 റൺസുമായി വിൻഡീസിന് സമ്മാനിച്ചത് ജയത്തോളം പോന്ന സമനില.
Auto ⏭️




