SPORTS
ടീമിലെ സഹതാരവുമായി വിവാഹേതര ബന്ധമെന്ന ആരോപണം: ‘റിലേഷൻഷിപ് സ്റ്റാറ്റസ്’ വെളിപ്പെടുത്തി ആഷ്‌ലി ഗാർഡ്നർ

സിഡ്നി ∙ മുൻ പങ്കാളി മോണിക്ക റൈറ്റുമായുള്ള വേർപിരിയലിനെച്ചൊല്ലിയുള്ള വിവാദങ്ങളിൽ ഒടുവിൽ പ്രതികരിച്ച് ഓസ്‌ട്രേലിയൻ വനിതാ ക്രിക്കറ്റ് ടീം വൈസ് ക്യാപ്റ്റൻ ആഷ്‌ലി ഗാർഡ്നർ. ഓസീസ് ടീമിലെ സഹതാരം ജോർജിയ വോളുമായി ഗാർഡ്നർക്ക് വിവാഹേതരബന്ധം ഉണ്ടായിരുന്നെന്നും ഇതാണ് തങ്ങളുടെ വേർപിരിയലിന് കാരണമായതെന്നും മോണിക്ക ആരോപിച്ചിരുന്നു. ഗാർഡ്നർക്കെതിരെ നടപടിയെടുക്കാത്തതിലും ടീമിൽ വൈസ് ക്യാപ്റ്റൻ നൽകിയതിനും ക്രിക്കറ്റ് ഓസ്‌ട്രേലിയയെ (സിഎ) മോണിക്ക രൂക്ഷമായി വിമർശിച്ചിരുന്നു. എന്നാൽ തനിക്ക് പിന്തുണ നൽകിയതിന് ക്രിക്കറ്റ് ഓസ്‌ട്രേലിയയ്ക്ക് നന്ദിയറിയിച്ച ഗാർഡ്നർ, മോണിക്ക റൈറ്റുമായുള്ള വേർപിരിയൽ തികച്ചും വ്യക്തിപരമായ കാര്യമാണെന്ന് വ്യക്തമാക്കി. ഈ വിഷയത്തിൽ ഇനി കൂടുതൽ പരസ്യപ്രസ്താവനകൾ നടത്തില്ലെന്നും അവർ കൂട്ടിച്ചേർത്തു. ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് ഗാർഡ്നറുടെ പ്രതികരണം.നേരത്തെ, ഗാർഡ്നറെ വൈസ് ക്യാപ്റ്റൻ സ്ഥാനത്ത് നിന്ന് നീക്കണമെന്ന് മോണിക്ക, ക്രിക്കറ്റ് ഓസ്ട്രേലിയയോട് ആവശ്യപ്പെട്ടിരുന്നു. “സ്വന്തം രാജ്യത്തെ പ്രതിനിധീകരിക്കാനും ഒരു മാതൃകയായി മാറാനും ഭാഗ്യം ലഭിച്ച വ്യക്തിയാണെങ്കിൽ, ഉയർന്ന ധാർമിക നിലവാരം പുലർത്താൻ ഉത്തരവാദിത്തമുണ്ടെന്നാണ് ഞാൻ കരുതുന്നത്. എനിക്ക് മനസ്സിലാകാത്ത കാര്യം, എന്തുകൊണ്ടാണ് ക്രിക്കറ്റ് ഓസ്‌ട്രേലിയ ഇതിനെക്കുറിച്ച് പരസ്യമായി ഒന്നും പ്രതികരിക്കാത്തത് എന്നാണ്.’’– മോണിക്ക പറഞ്ഞു. 2025 ഏപ്രിലിലാണ് ആഷ്‌ലി ഗാർഡ്‌നറും മോണിക്ക റൈറ്റും വിവാഹിതരായത്. എന്നാൽ 2025ലെ വനിതാ ഏകദിന ലോകകപ്പിനായി ഗാർഡ്‌നർ ഇന്ത്യയിലായിരുന്നപ്പോൾ ഇവരുടെ ബന്ധത്തിൽ വിള്ളലുകൾ വീണു. ഗാർഡ്‌നർക്ക് ടീമിലെ സഹതാരമായ ജോർജിയ വോളുമായി ബന്ധമുണ്ടെന്ന് റൈറ്റ് ആരോപിക്കുകയും, തുടർന്ന് ദമ്പതികൾ വേർപിരിയുകയുമായിരുന്നു. ഈ വിവാദങ്ങൾക്കിടയിലും വിമൻസ് ബിഗ് ബാഷ് ലീഗിൽ ഗാർഡ്‌നറുടെ ഫ്രാഞ്ചൈസിയായ സിഡ്‌നി സിക്‌സേഴ്‌സ് താരത്തിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു. നിലവിൽ ഓസ്‌ട്രേലിയൻ ടീമിലെ ഏറ്റവും മുതിർന്ന താരങ്ങളിൽ ഒരാളായ 29 വയസ്സുകാരിയായ ആഷ്‌ലി ഗാർഡ്‌നർ, തഹ്‌ലിയ മഗ്രാത്തിനൊപ്പം ടീമിന്റെ കോ-വൈസ് ക്യാപ്റ്റനായി അടുത്തിടെ നിയമിതയായിരുന്നു. ഐസിസിയുടെ മികച്ച വനിതാ ഏകദിന താരമായും ആഷ്‌ലി ഗാർഡ്‌നർ തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
Auto ⏭️


