SPORTS

ധോണിയല്ല, ലോകകപ്പ് നേടിയ മറ്റൊരു ക്യാപ്റ്റൻ ചെന്നൈ സൂപ്പർ കിങ്സ് കോച്ചായേക്കും; സൂചന നൽകി അശ്വിൻ


ചെന്നൈ ∙ ഈ വർഷത്തെ ഐപിഎൽ സീസണിനു പിന്നാലെ ചെന്നൈ സൂപ്പർ കിങ്സ് കോച്ച് സ്റ്റീഫൻ ഫ്ലെമിങ് പദവി ഒഴിഞ്ഞിരുന്നു. ഐപിഎലിന്റെ ഉദ്ഘാടന എഡിഷനിൽ കളിക്കാരനായി എത്തിയ ന്യൂസീലൻഡ‍് താരം ഫ്ലെമിങ് തുടർന്നു 18 വർഷം ടീമിന്റെ പരിശീലകനായിരുന്നു. സിഎസ്‌കെ 5 തവണ ഐപിഎൽ കിരീടജേതാക്കളായത് ഫ്ലെമിങ്ങിന്റെ ശിക്ഷണത്തിലാണ്. കഴിഞ്ഞ രണ്ടു സീസണുകളിലായി ചെന്നൈയുടെ മോശം പ്രകടനത്തിനു പിന്നാലെയായിരുന്നു ഫ്ലെമിങ്ങിന്റെ പടിയിറക്കം. ഫ്ലെമിങ്ങിന്റെ പിൻഗാമിയെക്കുറിച്ചുള്ള ചർച്ചകൾ ക്രിക്കറ്റ് ലോകത്ത് സജീവമാണ്. മുൻ ക്യാപ്റ്റനായ എം.എസ്.ധോണിയുടെ പേരടക്കം അഭ്യൂഹങ്ങളിലുണ്ട്. ‘‘ഒയിൻ മോർഗൻ ചെന്നൈയിലേക്ക് വരുമെന്ന് എനിക്ക് തോന്നുന്നു. അദ്ദേഹത്തിന്റെ പേര് ശക്തമായി ചർച്ച ചെയ്യപ്പെടുന്നുണ്ട്; പ്രാഥമിക ചർച്ചകൾ നടക്കുന്നുണ്ടെന്നതിൽ സംശയമില്ല. ഇതിൽ രണ്ടു സാധ്യതകളാണുള്ളത്: ഒയിൻ മോർഗൻ ഈ വർഷം തന്നെ ചുമതലയേൽക്കുമോ? അതോ മിനി ലേലത്തിലൂടെ മറ്റാരെങ്കിലും ടീം കെട്ടിപ്പടുത്ത ശേഷം അദ്ദേഹം പിന്നീട് വരുമോ?’’ – അശ്വിൻ തന്റെ യൂട്യൂബ് ചാനലിൽ പറഞ്ഞു. ബ്രെണ്ടൻ മക്കല്ലവും മറ്റൊരു സാധ്യതയായി ഉയർന്നുവന്നിട്ടുണ്ടെന്ന് പറഞ്ഞ അശ്വിൻ, എന്നാൽ ഇംഗ്ലണ്ടിന്റെ ഏകദിന, ട്വന്റി20 ടീമുകളുമായുള്ള മക്കല്ലത്തിന്റെ കരാറുകൾ ഇതിന് തടസ്സമായേക്കാമെന്നും ചൂണ്ടിക്കാണിച്ചു.‘‘ധോണിയുടെ നേതൃത്വത്തിൽ മറ്റുള്ളവർ ഒത്തൊരുമിച്ച് പ്രവർത്തിക്കുമെന്നാണ് എനിക്ക് തോന്നുന്നത്. അതാണ് ശരിയെന്ന് ഞാൻ വ്യക്തിപരമായി കരുതുന്നു. കാരണം പുതിയ കോച്ചിന്റെ നിയമനം അൽപം വൈകിയേക്കാം, കൂടാതെ മെഗാ ലേലം നടക്കാൻ ഇനി ഒരു വർഷം മാത്രമാണുള്ളത്. അതുകൊണ്ട് ചുരുങ്ങിയത് അടുത്ത ഒരു വർഷത്തേക്കെങ്കിലും ധോണിയുടെ നേതൃത്വത്തിൽ ബാക്കിയുള്ളവർ ഒരുമിച്ച് മുന്നോട്ട് പോകുമെന്നാണ് എന്റെ അഭിപ്രായം.’’– അശ്വിൻ പറഞ്ഞു.


Auto ⏭️

Back to top button