NEWS
സ്വർണവില കേരളത്തിൽ ഇന്നും കുതിച്ചു; ആകെ ആശയക്കുഴപ്പം, ഇനി കൂടണോ കുറയണോ? എന്തു ചെയ്യും സ്വർണം?

സ്വർണവില കേരളത്തിൽ ഇന്നും വർധിച്ചു. രാജ്യാന്തര വിലയുടെ കുതിപ്പാണ് കേരളത്തിലും പ്രതിഫലിച്ചത്. എന്നാൽ, രാജ്യാന്തരവില 5-മാസത്തെ ഉയരത്തിൽ നിന്ന് ഇപ്പോൾ താഴ്ന്നിറങ്ങിയിട്ടുണ്ട്. പെട്ടെന്നുള്ള ഈ താഴ്ച വിപണിക്കാകെ കൺഫ്യൂഷനുമായി. സ്വർണം ഇനി എന്തു ചെയ്യും? കുതിക്കണോ അതോ താഴണോ?കേരളത്തിൽ ഇന്നു രാവിലെ ഗ്രാമിന് 25 രൂപ വർധിച്ച് 14,220 രൂപയാണ് വില. 200 രൂപ ഉയർന്ന് പവന് 1,13,760 രൂപയും. രാജ്യാന്തര വില 4450 ഡോളർ വരെ ഉയർന്നശേഷം ഇപ്പോൾ 4393 ഡോളറിലേക്ക് താഴ്ന്നു. അല്ലായിരുന്നെങ്കിൽ കേരളത്തിൽ ഇന്ന് വില ഗ്രാമിന് 100 രൂപയും പവന് 800 രൂപയുമെങ്കിലും മിനിമം കൂടുമായിരുന്നു.താഴാനാണ് സ്വർണത്തിന്റെ തീരുമാനമെങ്കിൽ 3940 ഡോളറിലേക്കുവരെ രാജ്യാന്തരവില ഇടിയാമെന്നാണ് നിരീക്ഷകവാദങ്ങൾ. അങ്ങനെ സംഭവിച്ചാൽ കേരളത്തിൽ പവൻവില 1.05 ലക്ഷം രൂപയ്ക്കും താഴെയെത്തും. അതായത്, 7000 രൂപയിലധികം ഇടിയും. മറിച്ച്, മുന്നേറാനാണ് സ്വർണത്തിന്റെ നീക്കമെങ്കിൽ രാജ്യാന്തരവില 4885 ഡോളറിലേക്കുവരെ എത്താം. കേരളത്തിൽ പവൻവില 1.20 ലക്ഷം രൂപയും ഭേദിക്കും. ഇന്നു കേരളത്തിൽ 18 കാരറ്റ് സ്വർണവില ഗ്രാമിന് 20 രൂപ വർധിച്ച് 11,680 രൂപയായിട്ടുണ്ട്. വെള്ളിക്ക് വില മാറിയില്ല. ഗ്രാമിന് 255 രൂപ.
Fashion ⏭️


