NEWS
കുതിരാൻ തുരങ്കപ്പാതയുടെ കവാടത്തിനു മുകളിലുണ്ടായ മണ്ണിടിച്ചിൽ: വിദഗ്ധസംഘം പരിശോധന നടത്തി

തൃശൂർ ∙ ദേശീയപാത 544ലെ കുതിരാൻ തുരങ്കപ്പാതയുടെ കവാടത്തിനു മുകളിലുണ്ടായ മണ്ണിടിച്ചിലിന്റെ പശ്ചാത്തലത്തിൽ ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ വിദഗ്ധസംഘം പരിശോധന നടത്തി. ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർപഴ്സൻ കൂടിയായ കലക്ടർ ശിഖ സുരേന്ദ്രന്റെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണു സീനിയർ ജിയോളജിസ്റ്റുകളായ എ.രമേശ് കുമാർ, എസ്.നിശാന്ത് എന്നിവരടങ്ങുന്ന സംഘം പരിശോധന നടത്തിയത്.തുരങ്കമുഖത്തെയും അതിനു മുകളിലുള്ള കുന്നിൻചെരിവിലെയും നിലവിലെ ചെരിവ്, സ്ഥിരത, മണ്ണ്-പാറ സ്വഭാവം, ജലനിർഗമന സൗകര്യങ്ങൾ, ഭാവിയിലെ അപായ സാധ്യതകൾ എന്നീ വിവരങ്ങൾ ശേഖരിച്ചു. സമഗ്ര പഠനത്തിനായി തുരങ്ക നിർമാണ സമയത്ത് തയാറാക്കിയ ഡിസൈൻ രേഖകൾ, ഡിപിആർ, ഭൗമസാങ്കേതിക പഠന റിപ്പോർട്ടുകൾ എന്നിവ നൽകാൻ അധികൃതരോട് സംഘം ആവശ്യപ്പെട്ടിട്ടുണ്ട്. ഈ രേഖകൾ കൂടി പരിശോധിച്ച ശേഷം മേഖലയിലെ അപകടസാധ്യത ഇല്ലാതാക്കാനും പ്രദേശം സുരക്ഷിതമാക്കാനുമുള്ള പരിഹാര നിർദേശങ്ങൾ സർക്കാരിനു സമർപ്പിക്കും.
Fashion ⏭️


