CINEMA

‘നമുക്കൊന്നും  പറയാൻ  പറ്റില്ല, കൈയും കാലും കെട്ടിയിട്ട് അടിക്കുന്ന അവസ്ഥയായിരുന്നു’; തുറന്നുപറഞ്ഞ് ദിലീപ്


നടൻ ദിലീപ്

അൻവർ മെമ്മോറിയൽ ആശുപത്രിയുടെ പ്രവർത്തനം പുനരാരംഭിച്ചതിൽ ഡോ. സി എം ഹൈദരാലിക്ക് ആശംസകൾ അറിയിച്ച് നടൻ ദിലീപ്. കേസിന്റെ പേരിൽ തന്നെ ഒറ്റപ്പെടുത്താനുള്ള ചില പൊലീസുകാരുടെ ശ്രമങ്ങൾക്കിടയിൽ ഡോക്ടറെയും വേട്ടയാടുകയായിരുന്നുവെന്നും ഒടുവിൽ സത്യം ജയിച്ചതുപോലെയാണ് ഒൻപത് വർഷങ്ങൾക്ക് ശേഷം ആശുപത്രി ഡോക്ടറുടെ കൈകളിൽ തിരികെയെത്തിയതെന്നും ദിലീപ് പറഞ്ഞു.

എത്രയോ കാലമായി രോഗികൾക്ക് കൈത്താങ്ങായ ഡോക്ടറുടെ സേവനം ആലുവക്കാർക്ക് വീണ്ടും ലഭ്യമാകുന്നതിൽ വലിയ സന്തോഷമുണ്ടെന്നും നടൻ വ്യക്തമാക്കി. ആലുവയിൽ പ്രവർത്തനം പുനരാരംഭിച്ച അൻവർ മെമ്മോറിയൽ ആശുപത്രിയുടെയും പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ സൊസൈറ്റിയുടെയും ഉദ്ഘാടനച്ചടങ്ങിൽ സംസാരിക്കവെയാണ് ദിലീപ് ഇക്കാര്യം പറഞ്ഞത്.

‘ഒരേ കാലഘട്ടത്തിലാണ് ഞാനും ഡോക്ടറും ജീവിതത്തിൽ ഓരോ പ്രയാസകരമായ ഘട്ടങ്ങളിലൂടെയും കടന്നുപോയ്ക്കൊണ്ടിരുന്നത്. എന്റെ വിഷയങ്ങളിൽ എന്നെ ഒറ്റപ്പെടുത്തി ഒരു ദ്വീപിലെന്ന പോലെ ആക്കാനും എനിക്ക് ഒരാളുടെ പിന്തുണയോ സഹായമോ ഇല്ലാതിരിക്കാനും വേണ്ടി കുറച്ച് പൊലീസുകാർ ചേർന്ന പല കാര്യങ്ങളും ചെയ്ത് കൂട്ടിയപ്പോൾ, പാവം ഡോക്ടറെയും പിടിച്ച് ബലിയാടാക്കുകയും വളരെ മോശമായി ചിത്രീകരിക്കുകയും ചെയ്തു.

ഏകദേശം 50 വർഷത്തിലേറെയായുള്ള പരിചയമുണ്ട് ഡോക്ടറുമായി. ആദ്യം ചെറിയൊരു വീട്ടിലായിരുന്നു അദ്ദേഹത്തിന്റെ ആദ്യത്തെ ക്ലിനിക്. അതിനുശേഷം ഡോക്ടറുടെ കഠിനപ്രയത്നം കൊണ്ടാണ് ആലുവക്കാർക്ക് നല്ലൊരു ആശുപത്രി ലഭിക്കുന്നത്. നമ്മളെല്ലാവരും പറഞ്ഞതുപോലെ തന്നെ അദ്ദേഹത്തിന് ചെറിയൊരു സമയദോഷം സംഭവിച്ചു. അതിന്റെയിടയിലാണ് ഒൻപത് വർഷക്കാലം ഈ ആശുപത്രി അദ്ദേഹത്തിന്റെ കയ്യിൽ നിന്ന് വിട്ടുപോവുകയും പിന്നീട് കേസും കൂട്ടവുമൊക്കെയായി തിരികെ ലഭിക്കുകയും ചെയ്തത്.

ഒരേ കാലഘട്ടത്തിലാണ് ഞാനും ഡോക്ടറും ഇത്തരം ഘട്ടങ്ങളിലൂടെ കടന്നുപോയത്. എന്നെ സഹായിക്കുന്നതിൽ നിന്ന് ആളുകളെ തടയാൻ പൊലീസുകാർ നോക്കിയപ്പോൾ പാവം ഡോക്ടറെ ഇതിലേക്ക് വലിച്ചിഴച്ചു. എനിക്ക് അതിൽ വലിയ സങ്കടമുണ്ടായിരുന്നു. കാരണം എന്റെ പേരിൽ ആ നല്ല മനുഷ്യൻ എത്രത്തോളം ബലിയാടായി. വെറുതെ വായിൽ തോന്നിയത് ആരോപിക്കുക, ജനങ്ങളെ തെറ്റിദ്ധിരിപ്പിക്കുക. നമുക്കൊന്നും പറയാനും പറ്റില്ല. കൈയും കാലും കെട്ടിയിട്ടിട്ട് അടിക്കുക എന്ന് പറയുന്ന അവസ്ഥയിലായിരുന്നു കഴിഞ്ഞ ഒൻപത് വർഷക്കാലം.

ഈ കാലയളവിൽ ഡോക്ടർ എന്നെ വിളിച്ച് ഇടയ്ക്കിടെ ചോദിക്കും ‘ദിലീപിന്റെ കേസ് എന്തായി’ എന്ന്. അടുത്ത ആഴ്ചത്തേക്ക് മാറ്റിവച്ചുവെന്ന് ഞാൻ പറയുമ്പോൾ, ‘ദൈവമോ, അപ്പോൾ എന്റെ കേസും മാറ്റുമോ?’ എന്ന് ഡോക്ടർ വിഷമത്തോടെ ചോദിക്കും. കോടതി നടപടികളിൽ എന്റെയും ഡോക്ടറുടെയും കാര്യങ്ങൾ ഒരേപോലെയാണ് പോയിക്കൊണ്ടിരുന്നത്. വിഷമങ്ങൾ വന്നപ്പോൾ ഡോക്ടർ ഹാർട്ട് സർജറിയായി, ആശുപത്രിയിലായി, വർഷങ്ങളോളം കീഴ്കോടതിയിലും മേൽകോടതിയിലുമൊക്കെയായി കേസ് നീണ്ടുപോയി.

അതോടൊപ്പം തന്നെ എന്റെ കേസും മുന്നോട്ട് പോയിക്കൊണ്ടിരുന്നു. ഒടുവിൽ സത്യം ജയിച്ചുവെന്ന് പറയുന്നതുപോലെ ഡോക്ടർക്ക് അദ്ദേഹത്തിന്റെ ആശുപത്രി തിരികെ ലഭിച്ചു. കേസ് നീണ്ടുപോയപ്പോൾ മനസ് മടുത്ത് അദ്ദേഹം ഇത് ഉപേക്ഷിച്ചു കളയുമോ എന്ന് എനിക്ക് ഭയമുണ്ടായിരുന്നു’- ദിലീപ് പറഞ്ഞു.
RELATED TOPICS: ACTOR DILEEP, DILEEP, DILEEP STATEMENT, DILEEP NINE YEARS, ANWAR MEMORIAL HOSPITAL


Business ⏭️

Back to top button