അന്നത്തെ ആറുവയസുകാരി, ഇന്ന് ഡിഗ്രി മൂന്നാം വർഷ വിദ്യാർത്ഥിനി; നിവിനെ ഞെട്ടിച്ച് തട്ടത്തിൻ മറയത്തിലെ പെൺകുട്ടി

പുതിയ ചിത്രത്തിന്റെ പ്രൊമോഷൻ പരിപാടിക്കിടെ നിവിൻ പോളി, തട്ടത്തിൻ മറയത്തിൽ അഭിനയിച്ച ബാലതാരം
മലയാളികൾക്ക് എക്കാലത്തും പ്രിയപ്പെട്ട നിവിൻ പോളി ചിത്രങ്ങളിലൊന്നാണ് തട്ടത്തിൻ മറയത്ത്. തലശേരിയുടെ പശ്ചാത്തലത്തിൽ വിനീത് ശ്രീനിവാസൻ അണിയിച്ചൊരുക്കിയ ഈ ചിത്രം നിവിൻ പോളിയുടെ കരിയറിലെതന്നെ വലിയൊരു വഴിത്തിരിവായിരുന്നു. ഇപ്പോഴിതാ, തട്ടത്തിൻ മറയത്ത് വീണ്ടും വാർത്തകളിൽ ഇടംനേടുകയാണ്.
ചിത്രത്തിൽ നിവിൻ പോളിക്കൊപ്പം അഭിനയിച്ച ഒരു കുഞ്ഞു കഥാപാത്രമാണ് അതിന് കാരണം.
ചിത്രത്തിലെ ഒരു ആശുപത്രി രംഗത്തിൽ നിവിൻ പോളിയുടെ കഥാപാത്രമായ വിനോദിന് ആയിഷയുടെ ചിത്രം വരച്ചുനൽകിയ ഒരു കൊച്ചുമിടുക്കിയെ ഓർമ്മയില്ലേ. ആ പെൺകുട്ടിയെ വർഷങ്ങൾക്കിപ്പുറം നിവിൻ പോളി വീണ്ടും കണ്ടുമുട്ടിയ വാർത്തയാണ് ആരോധകർക്കിടയിൽ ചർച്ചയാകുന്നത്.
ചിത്രത്തിൽ അഭിനയിക്കുമ്പോൾ അഞ്ചോ ആറോ വയസുമാത്രം പ്രായമുണ്ടായിരുന്ന കുട്ടിയിന്ന് ഡിഗ്രി മൂന്നാം വർഷ വിദ്യാർത്ഥിയാണെന്നുള്ളതാണ് പലരെയും അമ്പരപ്പിക്കുന്നത്. തട്ടത്തിൻ മറയത്ത് റിലീസ് ചെയ്തിട്ട് ഇത്രയധികം വർഷങ്ങളായോ എന്നാണ് പലരും ആശ്ചര്യപ്പെടുന്നത്.
തന്റ പുതിയ ചിത്രമായ ബദ്ലഹേം കുടുംബ യൂണിറ്റിന്റെ പ്രൊമോഷൻ പരിപാടിക്കായി എറണാകുളം സെന്റ് തെരേസാസ് കോളേജിൽ എത്തിയതായിരുന്നു നിവിൻ പോളി. അദ്ദഹം വേദിയിൽ നിൽക്കവെ അവിചാരിതമായാണ് ആങ്കർ പെൺകുട്ടിയെ അവിടേക്ക് ക്ഷണിച്ചത്. ആയിഷയുടെ സ്റ്റെൻസിൽ വരച്ച പെൺകുട്ടി തങ്ങളുടെ കോളേജിലെ മൂന്നാം വർഷ വിദ്യാർത്ഥിനിയാണെന്നും ആങ്കർ നിവിൻ പോളിയെ അറിയിച്ചു.
പെൺകുട്ടിക്ക് കൈകൊടുത്ത ശേഷം ഇത് ഭയങ്കര സർപ്രൈസ് ആയല്ലോയെന്നായിരുന്നു നിവിൻ പോളി പ്രതികരിച്ചത്. സംഭവത്തിന്റെ ദൃശ്യങ്ങളുമായി ബന്ധപ്പെട്ട ദൃശ്യങ്ങൾ വൈറലായതിനുപിന്നാലെ തട്ടത്തിൻ മറയത്തിന്റെ ഓർമ്മകൾ പങ്കുവയ്ക്കുകയാണ് ആരാധകർ. 2012ലാണ് ചിത്രം റിലീസ് ചെയ്തതെന്ന കാര്യം പലരും ഇപ്പോഴാണ് ഓർക്കുന്നത്. കാലമെത്ര കഴിഞ്ഞാലും നിവിന്റെ മൊഞ്ചിന് കുറവില്ലെന്നാണ് പലരും പറയുന്നത്.
Business ⏭️


