BUSINESS

‘ഒരു ലജ്ജയുമില്ലാതെ പച്ചയ്ക്ക് നുണ പറയുന്നു’; വിമാനക്കമ്പനി വിഷയത്തിൽ അദാനിക്കെതിരെ മഹുവ മൊയ്ത്ര, കത്തും പുറത്തുവിട്ടു


ശതകോടീശ്വരൻ ഗൗതം അദാനി നയിക്കുന്ന അദാനി ഗ്രൂപ്പിനെതിരായ വിമർശനത്തിൽ പുതിയ അധ്യായത്തിന് തുടക്കമിട്ട് തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്ര. വിമാനക്കമ്പനികളുടെ ഓഹരി പങ്കാളിത്തച്ചട്ടത്തിൽ ഭേദഗതി ആവശ്യപ്പെട്ട് കേന്ദ്രസർക്കാരിന് അദാനി ഗ്രൂപ്പ് കത്തയച്ച വിഷയത്തിലാണ് അതിരൂക്ഷ വിമർശനവുമായി മഹുവ രംഗത്തുവന്നത്. കേന്ദ്രത്തിന് അദാനി ഗ്രൂപ്പ് അയച്ച കത്തും ഇതു സംബന്ധിച്ച് മാധ്യമങ്ങളിൽ വന്ന വാർത്തകളിന്മേൽ സ്റ്റോക്ക് എക്സ്ചേഞ്ചുകൾക്ക് അദാനി ഗ്രൂപ്പ് നൽകിയ വിശദീകരണവുമടക്കം എക്സിൽ പുറത്തുവിട്ടാണ് മഹുവ ആഞ്ഞടിച്ചത്.വിമാനത്താവള കമ്പനികളിൽ ഓഹരി പങ്കാളിത്തമുള്ളവർക്ക് വിമാന സർവീസ് കമ്പനികളിൽ 10 ശതമാനത്തിലധികം ഓഹരി പങ്കാളിത്തം നേടാൻ ചട്ടം അനുവദിക്കുന്നില്ല. ഈ ചട്ടം ഭേദഗതി ചെയ്യണമെന്ന് ആവശ്യപ്പെട്ട് അദാനി കേന്ദ്രസർക്കാരിനെ സമീപിച്ചെന്നായിരുന്നു റിപ്പോർട്ടുകൾ. കേന്ദ്രം അദാനിക്ക് അനുകൂലമായി നീങ്ങിയേക്കുമെന്നും റിപ്പോർട്ടുകളിലുണ്ടായിരുന്നു. എന്നാൽ, വിമാനക്കമ്പനി തുടങ്ങാനൊരുങ്ങുന്നു എന്നതരത്തിലുള്ള വാർത്തകൾ അവാസ്തവവും അടിസ്ഥാനരഹിതവുമാണെന്നാണ് സ്റ്റോക്ക് എക്സ്ചേഞ്ചുകളോട് അദാനി ഗ്രൂപ്പ് പ്രതികരിച്ചത്.എന്നാൽ, കേന്ദ്രത്തിന് അദാനി ഗ്രൂപ്പ് അയച്ച കത്തും സ്റ്റോക്ക് എക്സ്ചേഞ്ചുകൾക്ക് നൽകിയ മറുപടിയും പുറത്തുവിട്ട മഹുവ, അദാനി ഗ്രൂപ്പ് ഒരു ലജ്ജയുമില്ലാതെ പച്ചയ്ക്ക് നുണ പറയുകയാണെന്ന് ആരോപിച്ചു. കേന്ദ്രത്തിന് നൽകിയ കത്തിന്റെ പകർപ്പ് അദാനി ഗ്രൂപ്പ് കമ്പനി സെക്രട്ടറിക്കും നൽകിയിട്ടുണ്ട്. ഇതേ കമ്പനി സെക്രട്ടറി തന്നെ സ്റ്റോക്ക് എക്സ്ചേഞ്ചുകളോട് ‘വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന്’ പറയുന്നത് പച്ചക്കള്ളമാണെന്ന് മഹുവ പറഞ്ഞു.തിരുവനന്തപുരം, മംഗളൂരു, മുംബൈ, നവിമുംബൈ, ഗുവാഹതി, ലക്നൗ, അഹമ്മദാബാദ്, ജയ്പുർ എന്നീ വിമാനത്താവളങ്ങളുടെ നിയന്ത്രണച്ചുമതല വഹിക്കുന്നത് അദാനി ഗ്രൂപ്പിന് കീഴിലെ വിമാനത്താവള മാനേജ്മെന്റ് കമ്പനിയായ അദാനി എയർപോർട്ട് ഹോൾഡിങ്സ് ലിമിറ്റഡ് ആണ്. മുംബൈ വിമാനത്താവള കമ്പനിയിൽ 74% ഓഹരി പങ്കാളിത്തവും അദാനിക്കുണ്ട്. ഈ സാഹചര്യത്തിൽ വിമാനക്കമ്പനികളിൽ 10 ശതമാനത്തിലധികം ഓഹരി പങ്കാളിത്തം നേടാൻ നിലവിലെ ചട്ടപ്രകാരം അദാനിക്ക് കഴിയില്ല.നിലവിൽ ഇൻഡിഗോ, എയർ ഇന്ത്യ എന്നിവയ്ക്കാണ് ഇന്ത്യൻ വിമാന സർവീസ് രംഗത്ത് മേൽക്കൈ. 90% വിപണിവിഹിതവും ഇവയുടെ കൈവശമാണ്. ജെറ്റ് എയർവേസ്, ഗോ എയർലൈൻസ് എന്നീ വിമാനക്കമ്പനികൾ സാമ്പത്തിക ‍ഞെരുക്കത്തെ തുടർന്ന് പ്രവർത്തനം നിർത്തിയിരുന്നു. ആകാശ എയർ, സ്പൈസ് ജെറ്റ് എന്നിവയ്ക്ക് ഇൻഡിഗോയ്ക്കും എയർ ഇന്ത്യയ്ക്കും വെല്ലുവിളി ഉയർത്താൻ കഴിയുന്നുമില്ല. ഈ സാഹചര്യത്തിൽ ‘അദാനി എയർലൈൻസ്’ വന്നാൽ ഇൻഡിഗോയ്ക്കും എയർ ഇന്ത്യയ്ക്കും വെല്ലുവിളിയാകുമെന്നായിരുന്നു അന്ന് റിപ്പോർട്ടുകൾ വന്നത്.


Travel ⏭️

Back to top button